News - 2025

സഹനത്തിന്റെ യുവാവ് സുള്‍പ്രിസിയോ വിശുദ്ധ പദവിയിലേക്ക്

സ്വന്തം ലേഖകന്‍ 05-07-2018 - Thursday

റോം: സഹനത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തിയ ഇറ്റലിയില്‍ നിന്നുള്ള അല്‍മായന്‍ വാഴ്ത്തപ്പെട്ട നൂണ്‍സ്യോ സുള്‍പ്രിസിയോ വിശുദ്ധ പദവിയിലേക്ക്. ജൂലൈ 19നു ഫ്രാന്‍സിസ് പാപ്പ വിളിച്ചുകൂട്ടുന്ന കര്‍ദ്ദിനാളന്മാരുടെ കണ്‍സിസ്റ്ററിയില്‍ നാമകരണ തീരുമാനങ്ങള്‍ക്ക് അന്തിമരൂപം നല്കുമെന്നു വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ പെസ്ക്കാരയില്‍ ജീവിച്ച യുവാവായിരുന്നു നൂണ്‍സ്യോ സുള്‍പ്രിസിയോ. ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട നൂണ്‍സ്യോ തന്റെ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിച്ചു.

അനുദിനം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ അതീവ തീക്ഷ്ണത സുള്‍പ്രിസിയോ കാണിച്ചിരിന്നു. വല്യമ്മയുടെ മരണ ശേഷം അവന്‍ തന്റെ ബന്ധുവിന്റെ സമ്മര്‍ദ്ധത്തില്‍ കൊല്ലപണി ഏറ്റെടുക്കുകയായിരിന്നു. ഇക്കാലയളവില്‍ മാനസികവും ശാരീരികവുമായ നിരവധി സഹനങ്ങള്‍ ഏറ്റുവാങ്ങി. 1831-ല്‍ ജോലിസ്ഥലത്ത് കാലിലുണ്ടായ മുറിവ് അവനെ വീണ്ടും സഹനത്തിന്റെ തീച്ചൂളയിലേക്ക് നയിച്ചു.

മുറിവ് വ്രണമായെങ്കിലും അത് ഈശോയുടെ സഹനങ്ങളോട് ചേര്‍ത്തുവക്കാന്‍ അവന്‍ തയാറായി. പഴുപ്പ് വമിച്ചപ്പോഴും വേദന തീവ്രമായപ്പോഴും ജപമാലയും സ്തുതിഗീതവുമായിരിന്നു നൂണ്‍സ്യോയുടെ അധരത്തില്‍. 5 വര്‍ഷങ്ങള്‍ക്ക് ശേഷം 1836-ല്‍ മരിക്കുമ്പോള്‍ സുള്‍പ്രിസിയോയ്ക്ക് 19 വയസ്സായിരുന്നു. 1963-ല്‍ പോള്‍ ആറാമന്‍ പാപ്പയാണ് നൂണ്‍സ്യോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

More Archives >>

Page 1 of 336