News - 2025
അമേരിക്കന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ പ്രാര്‍ത്ഥനയുമായി മെത്രാന്മാര്‍
സ്വന്തം ലേഖകന്‍ 04-07-2018 - Wednesday
ടെക്സാസ്: അമേരിക്കയുടെയും മെക്സിക്കോയുടെയും അതിർത്തിയിൽ തടങ്കലില്‍ കഴിയുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്തുവാനും കത്തോലിക്കാ മെത്രാൻമാർ എത്തി. ജൂലെെ ഒന്നാം തീയതി അമേരിക്കയിലെ ആറു മെത്രാൻമാരാണ് അതിർത്തിയിലെ കുടിയേറ്റ പ്രശ്നത്തെ പറ്റി പഠിക്കാനായി എത്തിച്ചേര്‍ന്നത്. ദേശീയ മെത്രാൻ സമിതിയുടെ തലവനും ടെക്സാസ് മെത്രാനുമായ കർദ്ദിനാൾ ഡാനിയേൽ ഡിനാർഡോയാണ് മെത്രാൻ സംഘത്തെ നയിച്ചത്. തടങ്കലില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച മെത്രാൻ സംഘം മാതാപിതാക്കളിൽ നിന്നും വേര്‍പെടുത്തപ്പെട്ട കുട്ടികളുമായി സംസാരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ സാൻ ജുവാൻ ബസലിക്കയിൽ വിശുദ്ധ കുർബാന അര്‍പ്പണവും നടന്നു.
കുടിയേറ്റക്കാരുടെ ജീവിത സാഹചര്യം എന്താണെന്ന് മനസ്സിലാക്കാനാണ് മെത്രാൻമാർ ഇവിടെ വന്നതെന്നും സഭ കുടിയേറ്റക്കാർക്കു വേണ്ടി ശബ്ദം ഉയർത്തിയില്ലെങ്കിൽ ആര് അത് ചെയ്യുമെന്നും അമേരിക്കയിലെ ബ്രൗൺവില്ല രൂപതയുടെ അധ്യക്ഷനായ ഡാനിയേൽ ഫ്ളോർസ് ചോദിച്ചു. ആയിരത്തിഎണ്ണൂറോളം വിശ്വാസികളാണ് ബിഷപ്പുമാര്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത്. കനത്ത നിയന്ത്രണങ്ങള്‍ക്കിടയിലും അതിർത്തിയിൽ ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകുന്നത് കത്തോലിക്കാ സന്നദ്ധ സംഘടനകളാണ്.