News - 2025

മാര്‍പാപ്പയുടെ അല്‍മായ നിയമനം തുടരുന്നു; ഡോ. റുഫീനി മാധ്യമ വകുപ്പിനെ നയിക്കും

സ്വന്തം ലേഖകന്‍ 06-07-2018 - Friday

വത്തിക്കാന്‍ സിറ്റി: സഭയുടെ വിവിധ നേതൃസ്ഥാനങ്ങളില്‍ അല്‍മായരെ നിയമിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിയമന നടപടി തുടരുന്നു. ഇന്നലെ വത്തിക്കാന്‍റെ മാധ്യമ വകുപ്പിന്റെ പ്രീഫെക്ടായി ഇറ്റലിയില്‍ നിന്നുള്ള അല്‍മായന്‍ ഡോ. പാവുളോ റുഫീനിയെയാണ് മാര്‍പാപ്പ നിയമിച്ചത്. റോമിലെ സിപെയെന്‍സാ യൂണിവേഴ്സിറ്റിയില്‍നിന്നും നിയമം, പത്രപ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ഡോക്ടറേറ്റുള്ള റുഫീനി ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ ടിവി.2000 ശൃംഖലയുടെ ഡയറക്ടറുമായി സേവനം ചെയ്തിട്ടുണ്ട്. തെക്കെ ഇറ്റലിയിലെ പലേര്‍മോ സ്വദേശിയും വിവാഹിതനുമാണ്.

വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രഥമ പ്രീഫെക്ടായി സേവനംചെയ്ത മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗാനോ തല്‍സ്ഥാനത്തുനിന്നും രാജി വച്ചതിനെ തുടര്‍ന്നാണ് പാപ്പ പുതിയ നിയമനം നടത്തിയത്. കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും നയിക്കുന്ന വത്തിക്കാന്‍ വകുപ്പിന്റെ പ്രീഫെക്ടായി ഒരു അല്‍മായനെ നിയമിക്കുന്നത് ഇത് ആദ്യമായാണ്. അടുത്തിടെ റോമിലെ പ്രസിദ്ധമായ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ റെക്ടറായി വിവാഹിതനായ അൽമായനെ മാര്‍പാപ്പ നിയമിച്ചിരിന്നു.

More Archives >>

Page 1 of 336