News - 2025
ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിനു തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ മോചനത്തിന് യുകെ
സ്വന്തം ലേഖകന്‍ 06-07-2018 - Friday
ലണ്ടന്‍/ അബൂജ: യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാം തടവിലാക്കിയ നൈജീരിയന്‍ വിദ്യാര്‍ത്ഥിയുടെ മോചനത്തിന് ഇടപെടലുമായി യുകെ. തടവില്‍ കഴിയുന്ന പതിനഞ്ചുകാരിയായ ലീ ഷരീബു എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മോചിപ്പിക്കുന്നതിന് നൈജീരിയന്‍ ഗവണ്‍മെന്റിനെ സഹായിക്കുമെന്നാണ് യുകെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ ഹൗസ് ഓഫ് കോമ്മണ്‍സ് സമ്മേളനത്തിനിടയില്‍ കാര്‍ഷാല്‍ട്ടണ്‍ & വാല്ലിംഗ്ടണ്‍ എം.പി ടോം ബ്രേക്ക്, ലീ ഷരീബുവിന്റെ കാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാറുമായി എന്തൊക്കെ ചര്‍ച്ചകളാണ് നടത്തിയിരിക്കുന്നതെന്ന് സ്റ്റേറ്റ് വിദേശ കാര്യ മന്ത്രാലയത്തോട് ആരാഞ്ഞിരിന്നു.
ബൊക്കോ ഹറാമിനെതിരെ പോരാടുവാന്‍ നൈജീരിയന്‍ സര്‍ക്കാരിനെ സഹായിക്കുമെന്ന തങ്ങളുടെ വാഗ്ദാനത്തില്‍ യു.കെ ഉറച്ചു നില്‍ക്കുന്നുവെന്നും മോചന സംബന്ധമായ വിഷയത്തില്‍ ചര്‍ച്ച ചെയ്യുകയും, വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഫോറിന്‍ ആന്‍ഡ് കോമ്മണ്‍ വെല്‍ത്ത് അഫയേഴ്സ് മന്ത്രാലയത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ വകുപ്പ് മന്ത്രിയായ ഹാരിയറ്റ് ബാള്‍ഡ്വിന്‍ പ്രതികരിച്ചു. നൈജീരിയായില്‍ ഇന്റലിജന്‍സ്, മിലിട്ടറി തുടങ്ങിയവക്ക് പുറമേ മാനുഷികമായ സഹായങ്ങളും യുകെ നല്‍കിക്കൊണ്ടിരിക്കുന്നതായും ഫോറിന്‍ സെക്രട്ടറി നൈജീരിയന്‍ വൈസ് പ്രസിഡന്റായ ഒസിന്‍ബാജോയുമായി ചര്‍ച്ച നടത്തിയെന്നും ലിയാ ഷരീബുവിനെ മോചിപ്പിക്കുമെന്നും അതിനുവേണ്ട പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നു നൈജീരിയന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും ഹാരിയറ്റ് വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ നൈജീരിയായിലെ യോബോ സ്റ്റേറ്റിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് ടെക്നിക്കല്‍ സ്കൂളില്‍ നിന്നും 110 സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ബൊക്കോഹറാം തട്ടിക്കൊണ്ടു പോയത്. തീവ്രവാദികളുടെ പിടിയിലായിരിന്ന വിദ്യാര്‍ത്ഥിനികളില്‍ ഷരീബു മാത്രമാണ് ഇനി മോചിപ്പിക്കപ്പെടുവാനുള്ളു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാല്‍ മോചിപ്പിക്കാമെന്ന തീവ്രവാദികളുടെ പ്രലോഭനത്തിനു വഴങ്ങാത്തതിനാലാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ബൊക്കോഹറാം മോചിപ്പിക്കാത്തതെന്ന് ‘ദി കേബിള്‍’ അടക്കമുള്ള നൈജീരിയന്‍ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.