News

ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവർ ആഫ്രിക്കയിൽ; ഏഷ്യ നാലാമത്

സ്വന്തം ലേഖകന്‍ 12-07-2018 - Thursday

വാഷിംഗ്ടൺ ഡി‌സി: ക്രൈസ്തവ ജനസംഖ്യ കണക്കെടുപ്പിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ പിന്തള്ളി ആഫ്രിക്ക മുന്നിൽ. ഗോർഡൻ - കോൺവെൽ തിയോളജിക്കൽ സെമിനാരിയിലെ 'സെന്റർ ഫോർ സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്ത്യാനിറ്റി' നടത്തിയ സർവ്വേ പ്രകാരം അറുനൂറ്റിമുപ്പത്തിയൊന്ന് ദശലക്ഷം ക്രൈസ്തവരാണ് ആഫ്രിക്കയിലുള്ളത്. ആഗോള ക്രൈസ്തവ ജനസംഖ്യയുടെ നാൽപത്തിയഞ്ച് ശതമാനവും കറുത്ത ഭൂഖണ്ഡമെന്ന് അറിയപ്പെടുന്ന ആഫ്രിക്കയില്‍ നിന്നുള്ളതാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ സാംബിയയാണ് തൊണ്ണൂറ്റിയാറ് ശതമാനം ക്രൈസ്തവരുമായി മുന്നിലുള്ളത്. തൊണ്ണൂറ്റിയഞ്ച് ശതമാനത്തോളം വിശ്വാസികളുമായി റിപ്പബ്ലിക് ഓഫ് സെയ്ച്ചല്ലസ് തൊട്ട് പുറകിലുണ്ട്. റുവാണ്ടയാണ് മൂന്നാം സ്ഥാനത്ത്.

അറുനൂറ്റിയൊന്ന് ദശലക്ഷം ക്രിസ്ത്യാനികളുമായി ലാറ്റിൻ അമേരിക്കയാണ് കണക്കുകൾ പ്രകാരം ആഫ്രിക്കയ്ക്കു തൊട്ട് പിന്നിൽ. ആകെ ജനസംഖ്യയുടെ തൊണ്ണൂറ്റിരണ്ട് ശതമാനവും ക്രൈസ്തവരാണെന്ന പ്രത്യേകതയും ലാറ്റിൻ അമേരിക്ക സ്വന്തമാക്കി. അഞ്ഞൂറ്റി എഴുപത്തിയൊന്ന് ദശലക്ഷം ക്രൈസ്തവരുമായി യൂറോപ്യൻ ഭൂഖണ്ഡമാണ് 2018-ലെ കണക്കുകൾ പ്രകാരം മൂന്നാം സ്ഥാനത്ത്. യൂറോപ്പിലെ എഴുപത്തിയേഴ് ശതമാനം ആളുകളും ക്രൈസ്തവ വിശ്വാസികളാണ്.

മുന്നൂറ്റി എൺപത്തിയെട്ട് ദശലക്ഷം ക്രൈസ്തവരുമായി ഏഷ്യയാണ് നാലാമത്. എന്നാൽ ആകെ ജനസംഖ്യയുടെ ഒൻപത് ശതമാനത്തോളം മാത്രമാണ് ഭൂഖണ്ഡത്തിലെ ക്രൈസ്തവ സാന്നിദ്ധ്യം. എഴുപത്തിയാറ് ശതമാനം ക്രൈസ്തവ ഭൂരിപക്ഷം നിലനിൽക്കുന്ന നോർത്ത് അമേരിക്ക ഇരുനൂറ്റി എഴുപത്തിയേഴ് ദശലക്ഷം ക്രൈസ്തവ ജനസംഖ്യയുമായി അഞ്ചാം സ്ഥാനത്താണ്. ഓസ്ട്രേലിയയും സമീപ ദ്വീപുകളും അടങ്ങുന്ന ഓഷ്യാനിയയിൽ ഇരുപത്തിയൊൻപത് ദശലക്ഷം ക്രൈസ്തവരുണ്ട്. ഓഷ്യാനിയയിലെ എഴുപത്തിയൊന്ന് ശതമാനവും ക്രൈസ്തവരാണ്.

വേൾഡ് ക്രിസ്ത്യൻ ഡാറ്റബേസ് പ്രകാരം ആകെ ക്രൈസ്തവ ജനസംഖ്യയുടെ നാൽപത്തിയൊൻപത് ശതമാനം വിശ്വാസികളും കത്തോലിക്കരാണ്. ഇരുപത്തിരണ്ട് ശതമാനം പ്രൊട്ടസ്റ്റന്റ് സമൂഹവും, സ്വതന്ത്രർ പതിനേഴ് ശതമാനവും ഓർത്തഡോക്സ് പന്ത്രണ്ട് ശതമാനവുമാണ്. ആഗോള തലത്തിൽ 2.3 ബില്യൺ ആളുകളാണ് ക്രൈസ്തവ വിശ്വാസത്തെ പിന്തുടരുന്നത്.


Related Articles »