News - 2025
ദൗത്യം ഓര്‍മ്മിപ്പിച്ച് ആയിരത്തിലധികം സ്ഥിര ഡീക്കന്‍മാരുടെ സമ്മേളനം
സ്വന്തം ലേഖകന്‍ 30-07-2018 - Monday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ആയിരത്തിമുന്നൂറിലധികം സ്ഥിര ഡീക്കന്‍മാര്‍ പങ്കെടുത്ത നാഷണല്‍ ഡയക്കനേറ്റ് കോണ്‍ഗ്രസ് ശ്രദ്ധേയമായി. ഇക്കഴിഞ്ഞ ജൂലൈ 22-ന് ന്യൂ ഓര്‍ലീന്‍സില്‍ വെച്ച് ആരംഭം കുറിച്ച നാഷണല്‍ ഡയക്കനേറ്റ് കോണ്‍ഗ്രസ് 26നാണ് സമാപിച്ചത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനക്ക് അമേരിക്കയിലെ അപ്പസ്തോലിക ന്യൂണ്‍ഷോയായ ക്രിസ്റ്റഫെ പിയറെ മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. 'സ്നേഹത്തിന്റേതായ പുതിയ സംസ്കാരത്തിന്റെ നായകന്‍മാരാണ് ഡീക്കന്‍മാര്‍' എന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളെ ഓര്‍മ്മിപ്പിച്ച മെത്രാപ്പോലീത്ത കാരുണ്യ പ്രവര്‍ത്തികളും, ദൈവ വചന പ്രഘോഷണവും, വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥനാ കൂട്ടായ്മകളെ നയിക്കുകയും ചെയ്യുന്ന ഡീക്കന്‍മാരുടെ സേവനത്തെ അഭിനന്ദിച്ചു.
ആതുര ശുശ്രൂഷ മേഖലയില്‍ ഡീക്കന്‍മാര്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തുവരുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സുവിശേഷം പ്രചരിപ്പിക്കുന്നതിനാലാണ് 'ഡീക്കന്‍' എന്ന പ്രേഷിത സേവനത്തിന്റെ വ്യക്തിത്വമിരിക്കുന്നതെന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് സുവിശേഷം പ്രഘോഷിക്കുവാനും, മറ്റുള്ളവരെ സഹായിക്കാനുമാണ് സ്ഥിര ഡീക്കന്‍മാര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അല്ലാതെ ഓഫീസ് ജോലിക്കല്ലെന്നും തന്റെ മുന്നില്‍ തടിച്ചു കൂടിയിരിക്കുന്ന ഡീക്കന്‍മാരോടായി ന്യൂണ്‍ഷോ പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി ലോകത്ത്, പ്രത്യേകിച്ച് അമേരിക്കയില്‍ സ്ഥിര ഡീക്കന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
18,500-ഓളം സ്ഥിര ഡീക്കന്‍മാരാണ് അമേരിക്കയില്‍ ഉള്ളത്. ലോകം മുഴുവനുമുള്ള സ്ഥിര ഡീക്കന്‍മാരുടെ പകുതിയിലധികമാണിത്. ന്യൂ ഓര്‍ലീന്‍സ് മെത്രാപ്പോലീത്ത ഗ്രിഗറി എം. അയ്‌മണ്ടും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. പാവങ്ങളുടേയും, പുറന്തള്ളപ്പെട്ടവരേയും സേവിക്കുന്ന കാര്യത്തില്‍ സഭയുടെ ബോധ്യമായി മാറുകയെന്നതാണ് ഡീക്കന്‍മാരുടെ പ്രധാന പങ്കെന്ന് ഉദ്ഘാടന കുര്‍ബാനക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. “മാമ്മോദീസ വഴിയായി എല്ലാ ക്രിസ്ത്യാനികളും കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വിളിക്കപ്പെട്ടവരാണ്, എന്നാല്‍ ഇക്കാര്യത്തില്‍ നമ്മളെ നയിക്കേണ്ടവര്‍ ഡീക്കന്‍മാരാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.