News - 2025

യൂറോപ്പിന് ദിശാബോധം നല്‍കാന്‍ ജര്‍മ്മന്‍ സഭ ഉറച്ച നിലപാട് കൈക്കൊള്ളണം: കര്‍ദ്ദിനാള്‍ മുള്ളര്‍

സ്വന്തം ലേഖകന്‍ 01-08-2018 - Wednesday

പറമാറ്റ, ഓസ്ട്രേലിയ: തങ്ങളുടെ ധാര്‍മ്മികവും, സദാചാരപരവുമായ ആശയങ്ങള്‍ തിരിച്ചെടുത്താല്‍ മാത്രമേ യൂറോപ്പിനെ നയിക്കുവാന്‍ ജര്‍മ്മനിക്ക് കഴിയുകയുള്ളൂവെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ ജെറാള്‍ഡ്‌ മുള്ളര്‍. ജര്‍മ്മനിക്ക് ശരിയായ ധാര്‍മ്മിക ദിശാബോധം നല്‍കുന്നതിന് ദേശീയ സഭാനേതൃത്വം ഉറച്ച നിലപാട് കൈകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയായിലെ പറമാറ്റ രൂപതയുടെ വാര്‍ത്താപത്രമായ ‘കത്തോലിക് ഔട്ട്‌ലൂക്ക്’നു നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ മുള്ളര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ജര്‍മ്മനിയെങ്കിലും, ധാര്‍മ്മികമായ കാര്യങ്ങളിലും ജര്‍മ്മനി മുന്നേറണ്ടതുണ്ട്. ഭൂരിഭാഗം യൂറോപ്യന്‍ നേതാക്കളും ഭ്രൂണഹത്യ, ദയാവധം, സ്വവര്‍ഗ്ഗവിവാഹം പോലെയുള്ള തെറ്റായ ആശയങ്ങളെ പിന്തുണക്കുന്നവരാണ്. ഇതാണ് പുരോഗതിയെന്നാണ് അവര്‍ വിചാരിക്കുന്നത്, എന്നാല്‍ ഇത് പുരോഗതിയല്ല മറിച്ച് അധോഗതിയാണെന്നും കര്‍ദ്ദിനാള്‍ മുള്ളര്‍ പറഞ്ഞു.

പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായ വിവാഹ പങ്കാളികള്‍ക്ക് ദിവ്യകാരുണ്യം അനുവദിക്കണമെന്ന മെത്രാന്‍ സമിതിയുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നവ സുവിശേഷവത്കരണത്തിനു പകരം രാഷ്ട്രീയവും, അധികാരപരവുമായ കാര്യങ്ങളെക്കുറിച്ചാണ് ജര്‍മ്മന്‍ മെത്രാന്‍മാര്‍ ചിന്തിക്കുന്നതെന്നായിരുന്നു കര്‍ദ്ദിനാളിന്റെ മറുപടി.

ദിവ്യകാരുണ്യം വിശ്വാസവുമായി ബന്ധപ്പെട്ട കൗദാശികമായ പ്രകടനമായതിനാല്‍ അന്യ സഭകളില്‍ നിന്നുള്ളവര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദനീയമല്ല. നിയമപരമായ എല്ലാ നടപടികളും ധാര്‍മ്മികമായി ശരിയാകണമെന്നില്ല. ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതും, കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ പ്രേരിപ്പിക്കുന്നതും ധാര്‍മ്മികതക്ക് എതിരാണ്. സഭക്കുള്ളില്‍ തന്നെയുള്ള സൈദ്ധാന്തികമായ വിഭാഗീയതകളെ ചെറുക്കേണ്ടതുണ്ടെന്നും വിശുദ്ധ ലിഖിതങ്ങളിലെ ദൈവവചനത്തിനു എതിരായ സിദ്ധാന്തങ്ങളോ, ആശയങ്ങളോ സഭയില്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.


Related Articles »