News - 2024

"ഞങ്ങൾ കൊലയാളികൾ അല്ല"; ഗര്‍ഭഛിദ്രത്തിനെതിരെ അർജന്‍റീനയിലെ ഡോക്ടർമാർ

സ്വന്തം ലേഖകന്‍ 02-08-2018 - Thursday

ബ്യൂണസ് അയേഴ്സ്: തങ്ങള്‍ കൊലയാളികളല്ലെന്നും ഗര്‍ഭഛിദ്രം ചെയ്യാൻ നിർബന്ധിച്ചാൽ ജയിലിൽ പോകാൻ മടിയില്ലെന്നും തുറന്ന്‍ പ്രഖ്യാപിച്ച് അർജന്‍റീനയിലെ ഡോക്ടർമാർ. അടുത്ത ആഴ്ച അർജന്‍റീനയിലെ സെനറ്റ് പതിനാല് ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താൻ അനുവദിക്കുന്ന നിയമനിർമ്മാണം പരിഗണിക്കാനിരിക്കെയാണ് നൂറ് കണക്കിന് ഡോക്ടർമാർ പ്രതിഷേധ സൂചകമായി ബ്യൂണസ് അയേഴ്സ് തെരുവികളിലിറങ്ങിയത്. 'എന്തു നഷ്ടം സഹിച്ചാലും ഒരു മനുഷ്യ ജീവൻ നശിപ്പിക്കില്ല' എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടാണ് ഡോക്ടർമാർ പ്രതിഷേധ വഴിയെ നടന്നു നീങ്ങിയത്. "ഞാൻ ഒരു ഡോക്ടറാണ് കൊലയാളിയല്ല" എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡുകൾ ഡോക്ടർമാര്‍ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചിരിന്നു.

ഏതാണ്ട് മൂന്നൂറ് സ്വകാര്യ ആശുപത്രികൾ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കികൊണ്ടുള്ള പുതിയ നിയമത്തിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. നിയമം പ്രാബല്യത്തിൽ വന്നാൽ സ്വകാര്യ ആശുപത്രികൾ എല്ലാം ഗര്‍ഭച്ഛിദ്രം നടത്തേണ്ടതായി വരും. ഡോക്ടർമാർക്ക് നിയമത്തിന്റെ ഭാഗമാകാതിരിക്കാമെങ്കിലും വിശ്വാസത്തിന്റെ പേരിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. നിയമം പ്രാബല്യത്തിൽ വന്നാലും താൻ ഒരു മനുഷ്യ ജീവൻ നശിപ്പിക്കില്ലായെന്ന് ഒാസട്രെൽ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടർ ഏർണസ്റ്റോ ബെറൂറ്റി വ്യക്തമാക്കി. സമാനമായ ചിന്താഗതിയാണ് അനേകം ഡോക്ടര്‍മാര്‍ക്കുള്ളത്. അർജന്‍റീനയൻ അക്കാഡമി ഒാഫ് മെഡിസിനും നിയമനിർമ്മാണത്തിനെതിരെ രംഗത്തുണ്ട്.


Related Articles »