News - 2025
"യേശു നിന്നെ സ്നേഹിക്കുന്നു": ടീ ഷര്‍ട്ടില്‍ ക്രിസ്തുവിനെ പ്രഘോഷിച്ച് ക്രിസ് പ്രാറ്റ്
സ്വന്തം ലേഖകന്‍ 06-08-2018 - Monday
ലോസ് ആഞ്ചലസ്: യേശുവിനെ വീണ്ടും പരസ്യമായി പ്രഘോഷിച്ച് ലോക പ്രശസ്ത ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ്. ലോസ് ആഞ്ചലസിലെ ജിംനേഷ്യത്തില്‍ നിന്നു മടങ്ങുന്ന ക്രിസ് പ്രാറ്റിന്റെ ടീ ഷര്‍ട്ടില്‍ 'യേശു നിന്നെ സ്നേഹിക്കുന്നു' എന്ന വാചകമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജിനേഷ്യത്തിന് പുറത്തുണ്ടായിരിന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കു മുന്നില്‍ വലതുകൈ ടീ ഷര്‍ട്ടിലെ വാചകത്തിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് താരം അഭിവാന്ദ്യം നല്‍കിയത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുകയാണ്.
തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് ക്രിസ് പ്രാറ്റ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ എം ടിവി സിനിമ & ടിവി അവാര്‍ഡ് ദാന ചടങ്ങില്‍ ദൈവം യാഥാര്‍ത്ഥ്യമാണെന്നും നമ്മുക്ക് ആത്മാവുണ്ടെന്ന് തിരിച്ചറിയണമെന്നും ക്രിസ് പ്രാറ്റ് പരസ്യമായി പ്രസ്താവിച്ചിരിന്നു. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. 2017-ല്‍ ഈസ്റ്ററിന് മുമ്പുള്ള ശനിയാഴ്ച ദിവസം തന്റെ വീടിനു സമീപത്തുള്ള ചെറു കുന്നില്‍ ഒരു കുരിശ് രൂപം ഉയര്‍ത്തിയും ക്രിസ് പ്രാറ്റ് തന്റെ വിശ്വാസം പ്രകടമാക്കിയിരിന്നു.