News - 2025
ബില്ലി ഗ്രഹാമിനെക്കുറിച്ചുള്ള പ്രദർശനവുമായി ബെെബിൾ മ്യൂസിയം
സ്വന്തം ലേഖകന്‍ 08-08-2018 - Wednesday
വാഷിംഗ്ടണ്‍: മുപ്പതു ലക്ഷം ആളുകളെ ക്രിസ്‌തീയ വിശ്വാസത്തിലേയ്ക്കു നയിച്ച പ്രശസ്ത വചനപ്രഘോഷകന്‍ ബില്ലി ഗ്രഹാമിനെക്കുറിച്ചുള്ള പ്രദർശനവുമായി ബെെബിൾ മ്യൂസിയം. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിൽ ഏതാനും മാസങ്ങൾക്കു മുൻപ് ആരംഭിച്ചു ഏറെ ശ്രദ്ധ നേടിയ "മ്യൂസിയം ഒാഫ് ബെെബിൾ" എന്ന പേരിൽ അറിയപ്പെടുന്ന ബെെബിൾ മ്യൂസിയത്തിലാണ് ബില്ലി ഗ്രഹാമിനെക്കുറിച്ചുളള രേഖകളുമായുളള പ്രദർശനം ആരംഭിച്ചത്. ലക്ഷകണക്കിന് ആളുകളെ സത്യവിശ്വാസത്തിലേയ്ക്ക് നയിച്ച ബില്ലി ഗ്രഹാമിന്റെ സുവിശേഷവത്കരണത്തെക്കുറിച്ചും, അദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും വെളിച്ചം വീശുന്ന രേഖകളാണ് പ്രദർശനത്തിനായി സജ്ജമാക്കിയിരിക്കുന്നത്.
ബെെബിൾ മ്യൂസിയത്തിന്റെയും, ബില്ലി ഗ്രഹാം ഇവാൻജെലിസ്റ്റിക്ക് അസോസിയേഷന്റെയും കൂട്ടായ ശ്രമമാണ് പ്രദർശനം സാധ്യമാക്കിയത്. ബെെബിളിന്റെ സ്വാധീനം ലോകത്തിന് മനസ്സിലാക്കി കൊടുക്കുക എന്ന മ്യൂസിയത്തിന്റെ ദൗത്യത്തോട് ചേർന്നു പോകുന്നതാണ് പുതിയ പ്രദർശനമെന്ന് മ്യൂസിയത്തിന്റെ ചുമതല വഹിക്കുന്ന അന്തോണി ഷ്മിഡ്ത് പറഞ്ഞു. അമേരിക്കയുടെ വിശ്വാസപരമായ ചുറ്റുപാടുകളെ മാത്രമല്ല ലോകത്തെ മുഴുവനായി ബില്ലി ഗ്രഹാം സ്വാധീനിച്ചിട്ടുണ്ടെന്നും അന്തോണി ഷ്മിഡ്ത് കൂട്ടിച്ചേർത്തു.
അമേരിക്കൻ സംസ്കാരത്തിൽ ധാര്‍മ്മിക ആത്മീയ മൂല്യങ്ങൾക്ക് സംഭവിച്ച ജീര്‍ണ്ണതയെക്കുറിച്ചും, നിരീശ്വര കമ്മ്യൂണിസത്തിനെതിരെയും, അതിനെ വളർത്താൻ ശ്രമിക്കുന്ന സാത്താന്റെ മൂലശക്തികള്‍ക്കു എതിരെയും ബില്ലി ഗ്രഹാം ശബ്ദമുയർത്തിയതിനെ പറ്റിയും മ്യൂസിയം രേഖകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രഹാമിന്റെ സ്വകാര്യ ബെെബിളും, അദ്ദേഹത്തിന്‍റെ ഫോട്ടോഗ്രാഫർ റെസ് ബുസ്ബി പകർത്തിയ ചിത്രങ്ങളും മ്യൂസിയം പ്രദർശനത്തിന്റെ ഭാഗമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും തീക്ഷ്ണതയുള്ള വചന പ്രഘോഷകന്‍ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന ബില്ലി ഗ്രഹാം 99-വയസ്സില്‍ നിത്യതയിലേക്ക് യാത്രയായത്.