News

പ്രോലെെഫ് വിജയം, ഗര്‍ഭഛിദ്രം അനുവദിക്കുവാനുള്ള ബില്ല് അർജന്‍റീന തള്ളി

സ്വന്തം ലേഖകന്‍ 09-08-2018 - Thursday

ബ്യൂണസ് അയേഴ്സ്: ഫ്രാന്‍സിസ് പാപ്പയുടെ ജന്മനാടും ലാറ്റിൻ അമേരിക്കൻ രാജ്യവുമായ അർജന്‍റീനയില്‍ ഗര്‍ഭഛിദ്രം അനുവദിക്കുവാനുള്ള ബില്ല് തള്ളി. പതിനാല് ആഴ്ച വരെ ഗർഭഛിദ്രം നടത്താൻ അനുവാദം നല്‍കുന്ന ബില്ലാണ് സെനറ്റ് വോട്ടെടുപ്പില്‍ തള്ളികളഞ്ഞത്. 31നെതിരെ 38 വോട്ടുകള്‍ക്കാണ് ബില്‍ അട്ടിമറിക്കപ്പെട്ടത്. കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ അർജന്‍റീനയിൽ ലഭിച്ച പ്രോലൈഫ് വിജയം ലോകത്താകാമാനമുള്ള പ്രോലെെഫ് പ്രസ്ഥാനങ്ങൾക്ക് വലിയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്.

ബില്ലിന് വേണ്ട വിധത്തിൽ പിന്തുണ ലഭിക്കും എന്ന ഘട്ടത്തിലാണ് കത്തോലിക്കാ സഭ ശക്തമായി ഇടപെട്ടത്. സഭയുടെ ഇടപെടലാണ് പല സെനറ്റർമാരുടെയും നിലപാട് ബില്ലിന് എതിരാക്കിയത്. ജനിക്കുവാനിരിക്കുന്ന നിഷ്കളങ്കരായ കുട്ടികളുടെ ജീവനുവേണ്ടി നിലകൊള്ളണമെന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സ്വന്തം നാടായ അര്‍ജന്‍റീനക്ക് എഴുതിയ കത്തില്‍ ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു. അർജന്‍റീന പ്രസിഡന്റ് മൗറിഷോ മാക്രി ഗർഭഛിദ്രം നിയമവിധേയമാക്കരുത് എന്ന നിലപാടാണ് എടുത്തത്.

ബില്‍ അര്‍ജന്റീന കോണ്‍ഗ്രസിന്റെ അധോസഭ പാസ്സാക്കിയെങ്കിലും ഉപരിസഭയില്‍ വലിയ അട്ടിമറി സംഭവിക്കുകയായിരിന്നു. പ്രതിരോധിക്കാന്‍ ഒട്ടും കഴിയാത്തവരെ പ്രതിരോധിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതു വിജയിച്ചുവെന്നും പ്രോലൈഫ് വക്താക്കള്‍ വ്യക്തമാക്കി. അധോസഭയില്‍ വിജയിച്ച ബില്‍ ഉപരിസഭയില്‍ അട്ടിമറിക്കപ്പെട്ടത് കത്തോലിക്ക സഭയുടെ വിജയമായാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വോട്ടിന്റെ ഫലം വന്നതിനു ശേഷം ഗര്‍ഭഛിദ്ര അനുകൂല സംഘടനകൾ വ്യാപക അക്രമമാണ് രാജ്യത്ത് അഴിച്ചുവിട്ടിരിക്കുന്നത്.


Related Articles »