News

കേരളത്തിന് സാന്ത്വനവുമായി ഫ്രാൻസിസ് മാർപാപ്പ; അന്താരാഷ്ട്ര സഹായം ലഭ്യമാക്കണം

സ്വന്തം ലേഖകന്‍ 19-08-2018 - Sunday

വത്തിക്കാന്‍ സിറ്റി: പ്രളയ കെടുതിയിലൂടെ കടന്നുപോകുന്ന കേരള ജനതക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിൽ നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടെയാണ് ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിലെ ജനങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ പിന്തുണ അറിയിച്ചത്. ഏതാനും ദിവസങ്ങളായി കടുത്ത മഴയെത്തുടർന്ന് കേരളത്തിലെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും മൂലം ഒരുപാട് പേർ മരിച്ചു. ഒരുപാട് പേർക്ക് വീട് വിട്ടിറണ്ടേി വന്നു.

ദുരിതബാധിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പറഞ്ഞ പാപ്പ കേരളത്തെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ദുരിതത്തെ നേരിടാൻ മുൻപിൽ നിൽക്കുന്ന കേരളത്തിലെ സഭയോടൊപ്പം താനും ഉണ്ട്. പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്കും, ക്ലേശം അനുഭവിക്കുന്നവർക്കുമായി പ്രാർത്ഥിക്കാം എന്നു പറഞ്ഞുകൊണ്ടാണ് മാർപാപ്പ തന്റെ വാക്കുകള്‍ ചുരുക്കിയത്. പാപ്പയുടെ സന്ദേശത്തിന്റെ സമയത്ത് കേരളത്തിന്റെ കെടുതി വിവരിക്കുന്ന ബാനറുമായി നിരവധി വിശ്വാസികള്‍ വത്തിക്കാനില്‍ ഉണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്.


Related Articles »