News - 2025
ക്ഷമ ക്രൈസ്തവ കുടുംബ ജീവിതത്തിന്‍റെ മുദ്രയാകണം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 27-08-2018 - Monday
ഡബ്ലിന്‍: ക്ഷമിക്കുന്ന സ്നേഹം ക്രൈസ്തവ കുടുംബജീവിതത്തിന്‍റെ മുദ്രയാവണമെന്നും ക്ഷമയെന്നതു സൗഖ്യം പകരുന്ന മുറിവുണക്കുന്ന ദൈവികദാനമാണെന്നും ഫ്രാന്‍സിസ് പാപ്പ. അയര്‍ലണ്ടിലെ ഡബ്ലിനിലെ ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ആഗോള കുടുംബ സംഗമത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ശത്രുസ്നേഹം ക്രിസ്തുവിന്‍റെ അടിസ്ഥാനപാഠവും മുഖ്യപാഠവുമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
തെറ്റുപറ്റുക മാനുഷികമാണ്, എന്നാല്‍ ക്ഷമിക്കുക ദൈവികമാണ്! സൗഖ്യം പകരുന്ന, സുഖപ്പെടുത്തുന്ന, മുറിവുണക്കുന്ന ദൈവികദാനമാണ് ക്ഷമ! അതിനാല്‍ കുടുംബങ്ങളിലെ ശീതസമരവും സൗന്ദര്യപ്പിണക്കവും നീണ്ടുപോകരുത്. സൂര്യാസ്തമയം കഴിയുംമുന്‍പേ രമ്യതപ്പെടാം. അനുരജ്ഞിതരാകാം. മുറിയില്‍ അടച്ചിരിക്കുന്നയാളെ അന്വേഷിക്കണം, മുട്ടിത്തുറക്കണം. സ്നേഹമുള്ള നോട്ടംകൊണ്ട്, ഒരു ആശ്ലേഷം കൊണ്ട്, ഒരു ചുംബനംകൊണ്ട്, ഒരു തലോടല്‍ കൊണ്ട് രമ്യതപ്പെടാം. പൂര്‍ണ്ണതയുള്ള ആരുമില്ല, നാം മനുഷ്യരും ബലഹീനരുമാണ്. ക്ഷമയിലും സ്നേഹത്തിലും ഉണരാം, ഒന്നാകാം വളരാം.
ക്രൈസ്തവ വിവാഹത്തിലൂടെ കുടുംബങ്ങള്‍ രൂപീകരിക്കുന്നവര്‍ ദൈവസ്നേഹത്തിലും പരിപാലനയിലും ജീവിതയാത്ര തുടങ്ങുന്നവരാണ്. അവിടെ സനേഹത്തിന്‍റെ പൂര്‍ണ്ണത കാണാനാകും. ഒരേ ഹൃദയത്തോടും ആത്മാവോടുംകൂടെ ജീവിക്കാന്‍ അവിടെ ദമ്പതികളെ സഹായിക്കുന്നത് ദൈവാത്മാവായിരിക്കും. ദൈവകൃപയായിരിക്കും. മനുഷ്യര്‍ ദൈവത്തില്‍ ആശ്രയിച്ചും വിശ്വസിച്ചും പ്രത്യാശിച്ചും ജീവിക്കുന്ന ദൈവസ്നേഹത്തിന്‍റെ വേദിയാണ് കുടുംബം. ദൈവം തന്‍റെ വിശ്വസ്തയുള്ളതും നിലയ്ക്കാത്തതുതമായ കാരുണ്യവും സ്നേഹവും കുടുംബങ്ങളില്‍ അനുസ്യൂതം വര്‍ഷിക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു. 80,000-ത്തില്‍ അധികം ആളുകളാണ് പാപ്പയുടെ സന്ദേശം ശ്രവിച്ചത്.