News - 2024

കുരിശുകള്‍ അഗ്നിക്കിരയാക്കി; ചൈനയില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ നിലയില്‍

സ്വന്തം ലേഖകന്‍ 29-08-2018 - Wednesday

ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ചൈനയില്‍ നടക്കുന്ന ക്രൈസ്തവ പീഡനം രൂക്ഷമായ രീതിയില്‍. കുരിശുകള്‍ കത്തിച്ചു കളയുക, ദേവാലയങ്ങളിലും മതസ്ഥാപനങ്ങളിലും പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ എഴുതിപിടിപ്പിക്കുക, കുരിശുകള്‍ക്ക് പകരം ചെങ്കൊടി സ്ഥാപിക്കുക തുടങ്ങിയ നടപടികള്‍ രാജ്യത്തു വര്‍ദ്ധിച്ചുവരികയാണെന്ന്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെനാന്‍ പ്രവിശ്യയിലെ അന്യാങ്ങിലേയും, ഹെബേയിയിലേയും പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലെ കുരിശുകള്‍ കത്തിച്ചു കളഞ്ഞതും, ലുവോയാങ്ങിലെ കുരിശ് മാറ്റി പകരം ചെങ്കൊടി സ്ഥാപിച്ചതും അടുത്ത ദിവസമാണെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്യാങ്ങിലെ ഒരു കത്തോലിക്കാ ദേവാലയത്തിലും ചെങ്കൊടി സ്ഥാപിച്ചിട്ടുണ്ട്. ഹെനാന്‍ പ്രവിശ്യയിലെ ഒരു ദേവാലയത്തിലെ ബൈബിള്‍ വാചകങ്ങള്‍ മായിക്കുകയും, അന്ത്യ അത്താഴത്തിന്റെ ചിത്രം നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഷാന്‍ഹ്വായിയിലെ ഒരു ദേവാലയത്തിന്റെ മുന്‍വശത്ത് തന്നെ സോഷ്യലിസത്തെ കുറിച്ചാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്. ഷാന്‍ഗ്രാവോയിലെ നാല്‍പ്പതോളം ദേവാലയങ്ങളില്‍ ചൈനാക്കാരല്ലാത്തവര്‍ക്ക് സുവിശേഷ പ്രഘോഷണം നടത്തുവാനും 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ദേവാലയങ്ങളില്‍ പ്രവേശിക്കുവാനും വിലക്കുണ്ട്.

ജിയാന്‍ക്സിയിലേയും കാര്യങ്ങള്‍ സമാനമാണ്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിന്റെ ചിത്രങ്ങളും, ദേശീയ പതാകയും കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളും പ്രദര്‍ശിപ്പിക്കുവാന്‍ ദേവാലയങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജീകെനിലെ ഇവാഞ്ചലിക്കല്‍ ദേവാലയത്തിലെ കുരിശു രൂപം അടുത്തിടെയാണ് സര്‍ക്കാര്‍ അധികാരികള്‍ തകര്‍ത്തത്. രാജ്യത്തു നിരവധി ദേവാലയങ്ങള്‍ ഇതിനോടകം തന്നെ അടച്ചുപൂട്ടിക്കഴിഞ്ഞു. അതേടമയം സര്‍ക്കാര്‍ നിയന്ത്രിത സഭകളില്‍ ചേരുവാന്‍ വിശ്വാസികളുടെ മേല്‍ സമ്മര്‍ദ്ധമേറി വരികയാണ്.


Related Articles »