News - 2024

ക്രിമിനൽ കേസ് നേരിട്ടാലും കുമ്പസാര രഹസ്യം വെളിപ്പെടുത്തില്ല: നിലപാട് ആവര്‍ത്തിച്ച് ഓസ്ട്രേലിയന്‍ മെത്രാന്‍ സമിതി

സ്വന്തം ലേഖകന്‍ 02-09-2018 - Sunday

മെല്‍ബണ്‍: കുമ്പസാരത്തിലൂടെ വെളിപ്പെടുന്ന ലൈംഗീക പീഡന രഹസ്യങ്ങള്‍ അറിയിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ വീണ്ടും തള്ളികളഞ്ഞു ഓസ്ട്രേലിയയിലെ കത്തോലിക്കാ മെത്രാന്‍ സമിതി. സര്‍ക്കാര്‍ നിര്‍ദ്ദേശം “വിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും” എതിരാണെന്നും ക്രിമിനൽ കേസ് നേരിട്ടാലും കുമ്പസാര രഹസ്യം വെളിപ്പെടുത്തില്ലായെന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓസ്ട്രേലിയന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയും, കത്തോലിക് റിലീജിയസ് ഓസ്ട്രേലിയയും (CRA) പത്ര സമ്മേളനത്തില്‍ വീണ്ടും വ്യക്തമാക്കിയത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതൊഴിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ സഭ അംഗീകരിച്ചിട്ടുണ്ട്.

കുമ്പസാരരഹസ്യം സൂക്ഷിച്ചു കൊണ്ട് തന്നെ കുട്ടികളേയും പീഡിപ്പിക്കപ്പെടുവാന്‍ സാധ്യതയുള്ളവരേയും സംരക്ഷിക്കുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോളറിഡ്ജും സി‌ആര്‍‌എ പ്രസിഡന്റ് സിസ്റ്റര്‍ മോണിക്കാ കാവനായും അറിയിച്ചു. 5 വര്‍ഷങ്ങളോളം നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം അവസാനം റോയല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുമ്പസാരത്തിലൂടെ വെളിപ്പെടുന്ന ലൈംഗീക പീഡന രഹസ്യങ്ങള്‍ പുരോഹിതര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശമുള്ളത്. നാനൂറോളം നിര്‍ദ്ദേശങ്ങള്‍ റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതില്‍ പലതും സഭ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സഭയുടെ സല്‍പ്പേരിനെ ഓര്‍ത്ത് കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കുന്ന പുരോഹിതരെ സംരക്ഷിക്കുകയില്ലെന്നും, സഭയുടെ കീര്‍ത്തിക്കും മേലെയാണ് കുട്ടികളുടെ സുരക്ഷയെന്നും മെത്രാപ്പോലീത്ത പറഞ്ഞു.


Related Articles »