News

വിശുദ്ധിക്ക് വേണ്ടി മരണം വരിച്ച സ്ലോവാക്യന്‍ പെണ്‍കുട്ടി വാഴ്ത്തപ്പെട്ട പദവിയില്‍

സ്വന്തം ലേഖകന്‍ 03-09-2018 - Monday

ബ്രാറ്റിസ്ലാവ: കന്യകാത്വവും, വിശുദ്ധിയും സംരക്ഷിക്കുന്നതിനായി മരണം ഏറ്റുവാങ്ങിയ സ്ലോവാക്യയിലെ കര്‍ഷക പെണ്‍കുട്ടി അന്നാ കൊലെസരോവയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 16 കാരിയായ അന്നയുടെ രക്തസാക്ഷിത്വം ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ മാസം അംഗീകരിച്ചതിനെ തുടര്‍ന്നാണ്‌ അന്നയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 1-ന് കോസിസിലെ ലോകോമോട്ടീവാ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മാര്‍പാപ്പായുടെ പ്രതിനിധിയായി പങ്കെടുത്ത വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ പുതിയ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെസ്സ്യുവാണ് പ്രഖ്യാപനം നടത്തിയത്.

അനുദിനവും ദേവാലയത്തില്‍ പോകുകയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന ലളിത ജീവിതം നയിച്ചിരുന്നൊരു പെണ്‍കുട്ടിയായിരുന്നു അന്ന. 1944-ല്‍ മദ്യപിച്ചെത്തിയ സോവിയറ്റ് കമ്മ്യൂണിസ്റ്റ് സൈനികന്റെ മാനഭംഗ ശ്രമം ചെറുത്തുകൊണ്ട് തന്റെ കന്യകാത്വവും, വിശുദ്ധിയും സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിയേറ്റാണ് അന്നാ കൊല്ലപ്പെടുന്നത്. ഈശോ, മറിയം, യൌസേപ്പേ എന്ന് വിളിച്ചുകൊണ്ടാണ് അന്ന മരണത്തെ പുല്‍കിയത്. 2004-ല്‍ തുടങ്ങിയ അന്നായുടെ നാമകരണ നടപടികള്‍ 2011-ലാണ് അവസാനിച്ചത്.

അന്ന വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുവാന്‍ യോഗ്യതയുള്ളവളാണോ എന്ന് പരിശോധിക്കുവാനായി രൂപം കൊടുത്ത ട്രിബ്യൂണല്‍ മുപ്പത്തിയെട്ടോളം സാക്ഷികളുമായി സംസാരിച്ചതിനു ശേഷം 650 പേജുള്ള റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിക്കുകയായിരുന്നു. വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനെന്ന നിലയിലുള്ള തന്റെ സേവനം അന്നയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചുകൊണ്ട് ആരംഭിക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം കര്‍ദ്ദിനാള്‍ ബെസ്സ്യു പങ്കുവെച്ചു.

വാഴ്ത്തപ്പെട്ട അന്നായെ തന്റെ മാര്‍ഗ്ഗദര്‍ശിയാക്കുവാന്‍ ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതലമുറക്ക് ശക്തമായ ഒരു സന്ദേശമാണ് കൌമാരക്കാരിയായ അന്ന നല്‍കുന്നതെന്ന് കോസിസിലെ മെത്രാപ്പോലീത്തയായ ബെര്‍ണാര്‍ഡ് ബോബ് പറഞ്ഞു. മുപ്പതിനായിരത്തിലധികം വിശ്വാസികള്‍ വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു.


Related Articles »