News - 2024

പീഡനമേൽക്കുന്ന ക്രെെസ്തവര്‍ക്ക് സഹായമെത്തിക്കുന്ന ഹംഗറിക്ക് അമേരിക്കയുടെ അംഗീകാരം

സ്വന്തം ലേഖകന്‍ 15-09-2018 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: വിശ്വാസത്തിന്റെ പേരിൽ പീഡനമേൽക്കുന്ന ക്രെെസ്തവ സമൂഹത്തിനെ സഹായിക്കുന്ന ഹംഗറിയുടെ പ്രവർത്തനങ്ങൾക്ക് അമേരിക്കയുടെ അംഗീകാരം. യേശുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ലോകമെമ്പാടും പീഡനമേൽക്കുന്ന ക്രെെസ്തവ സമൂഹങ്ങൾക്ക് സഹായം നൽകുന്ന യൂറോപ്യൻ രാജ്യമായ ഹംഗറിക്ക് വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന "സെന്‍റർ ഫോർ സെക്യൂരിറ്റി പോളിസിയുടെ"പുരസ്കാരമാണ് ലഭിച്ചത്.

വിശ്വാസത്തെ പ്രതി സഹനങ്ങള്‍ ഏറ്റുവാങ്ങുന്ന ക്രെെസ്തവ സമൂഹത്തിനായി ഹംഗേറിയൻ പ്രധാനമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിഭാഗത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ ആസ്ബേജാണ് വാഷിംഗ്ടണിൽ വച്ചു നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയത്. ക്രിസ്തു മതമാണ് ലോകത്ത് ഏറ്റവും പീഡനമേൽക്കുന്ന മതമെന്ന് ട്രിസ്റ്റൻ ആസ്ബേജ് ചടങ്ങിൽ വച്ച് പറഞ്ഞു.

ക്രെെസ്തവ മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും, അനധികൃത കുടിയേറ്റങ്ങൾക്ക് തടയിടുകയും ചെയ്ത ഹംഗറിക്കെതിരെ അച്ചടക്ക ലംഘനം ആരോപിച്ച് യൂറോപ്യൻ യൂണിയൻ നടപ്പാക്കാൻ ശ്രമിക്കുന്ന നടപടികളെയും ട്രിസ്റ്റൻ ആസ്ബേജ് ശക്തമായ ഭാഷയിൽ വിമർശിച്ചു. അനധികൃത കുടിയേറ്റങ്ങൾക്ക് ഹംഗറി വാതിൽ തുറന്നു നൽകില്ലായെന്നും ട്രിസ്റ്റൻ ആസ്ബേജ് വ്യക്തമാക്കി.

വലിയ ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയ വിക്ടർ ഓർബന്റെ സർക്കാർ ഇസ്ലാമിക തീവ്രവാദം മൂലം ഇരകളാക്കപ്പട്ട ക്രെെസ്തവ സമൂഹങ്ങൾക്കായി വലിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. പശ്ചിമേഷ്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇരകളാക്കപ്പട്ട ക്രെെസ്തവരുടെ പുനരധിവാസത്തിനും മറ്റുമായി വൻതുക ഹംഗറി ഇതിനകം തന്നെ നൽകിയിട്ടുണ്ട്.


Related Articles »