News - 2024
"ഗര്‍ഭഛിദ്രം നരഹത്യ"; നിലപാട് തുറന്നുപറഞ്ഞ ഡോക്ടറെ ആക്രമിച്ച് ഫ്രഞ്ച് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍ 19-09-2018 - Wednesday
ബ്രൌ-സുര്‍-ചാന്ററൈനെ, ഫ്രാന്‍സ്: ഗര്‍ഭഛിദ്രം നരഹത്യയാണെന്ന് തുറന്നുപറഞ്ഞ ഫ്രഞ്ച് പ്രസവ ചികിത്സാ വിദഗ്ദനെ, ആക്രമിച്ച് അബോര്‍ഷന്‍ അനുകൂല മാധ്യമങ്ങളും ഫ്രഞ്ച് സര്‍ക്കാരും. ഫ്രാന്‍സിലെ ഗൈനക്കോളജിസ്റ്റ്സ് ആന്‍ഡ് ഒബ്സ്റ്റെട്രീഷ്യന്‍സ് യൂണിയന്റെ പ്രസിഡന്റായ ഡോ. ബെര്‍ട്രാന്‍ഡ് ഡി റോച്ചാംബ്യൂവാണ് ജീവനു വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ക്വോട്ടിഡിയന്‍ ടി.വി റിപ്പോര്‍ട്ടറായ വാലന്റൈന്‍ ഒബേര്‍ട്ടിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോ. ബെര്‍ട്രാന്‍ഡ് ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
മുന്‍പ് അബോര്‍ഷന്‍ ചെയ്തിരുന്ന ഡോ. ബെര്‍ട്രാന്‍ഡ് ഇപ്പോള്‍ അബോര്‍ഷന്‍ നിറുത്തിയതാണ് അബോര്‍ഷന്‍ അനുകൂലികളെ ചൊടിപ്പിച്ചിരിക്കുന്നത്. “രാത്രികളില്‍ എനിക്ക് ഉറങ്ങുവാന്‍ കഴിഞ്ഞില്ല, ഞാന്‍ ബുദ്ധിമുട്ടേറിയ നിരവധി അബോര്‍ഷനുകള്‍ ചെയ്തിട്ടുണ്ട്. അതെന്റെ വിശ്വാസങ്ങള്‍ക്കെതിരാണെന്ന് പിന്നീടെനിക്ക് മനസ്സിലായി. ഇപ്പോള്‍ ഞാന്‍ അവ ചെയ്യുന്നില്ല. നമ്മളൊക്കെ ജീവനെടുക്കുവാന്‍ ജനിച്ചവരല്ല”. ഇപ്രകാരമാണ് അദ്ദേഹം പറഞ്ഞത്. ഗര്‍ഭഛിദ്രം ചെയ്യാതിരിക്കുവാനുള്ള സ്വാതന്ത്ര്യം ഡോക്ടര്‍മാര്‍ക്ക് നല്‍കണമെന്ന് കൂടി ഡോ. ബെര്‍ട്രാന്‍ഡ് അഭിപ്രായപ്പെട്ടു.
അഭിമുഖത്തിന്റെ ഒരു ഘട്ടത്തില്‍ ഗര്‍ഭഛിദ്രം നരഹത്യയല്ല എന്ന് സ്ഥാപിക്കുവാനും, ജനിക്കുവാനിരിക്കുന്ന ശിശു ഒരു മനുഷ്യജീവനല്ല എന്ന് വരുത്തിത്തീര്‍ക്കുവാന്‍ റിപ്പോര്‍ട്ടറായ ഒബേര്‍ട്ടി പോലും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഒരു ഡോക്ടറെന്ന നിലയില്‍ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കേണ്ട ആവശ്യം എനിക്കില്ല എന്ന് ഡോക്ടര്‍ അവരോട് വ്യക്തമാക്കുന്നതും അഭിമുഖത്തില്‍ വ്യക്തമാണ്. ഫ്രഞ്ച് ആരോഗ്യ മന്ത്രിയും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. യൂണിയന്‍ പ്രതിനിധിയായ ഡോക്ടറിന്റെ അഭിപ്രായം ശരിയായ സമയത്തല്ല എന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ ആഗ്നെസ് ബൂസിന്‍ പറഞ്ഞത്.
ഡോ. ബെര്‍ട്രാന്‍ഡിന്റെ അഭിമുഖം തരംഗമായെങ്കിലും കടുത്ത വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന്റെ നേരിടേണ്ടി വരുന്നത്. ജീവന്റെ മഹത്വത്തിനായി നിലകൊണ്ടതിന്റെ പേരില്‍ സ്വന്തം യൂണിയന്‍ വരെ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. അബോര്‍ഷന്‍ നരഹത്യയാണെന്നത് ഡോക്ടറിന്റെ വ്യക്തിപരമായ നിലപാടാണെന്നും സംഘടനയുടെ നിലപാടല്ലെന്നുമാണ് അദ്ദേഹത്തിന്റെ യൂണിയനായ SYNGOF പറഞ്ഞത്. ഇതിന് മുന്‍പും അബോര്‍ഷന്‍ അനുകൂല നിലപാട് ഉയര്‍ത്തിപ്പിടിച്ച് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കെതിരെ മാധ്യമങ്ങളും ഫ്രഞ്ച് സര്‍ക്കാരും രംഗത്തെത്തിയിരിന്നു.