News

ഭ്രൂണഹത്യയിലൂടെ കൊന്നൊടുക്കിയ ശിശുക്കളുടെ ശരീര ഭാഗങ്ങള്‍ കച്ചവടത്തിന്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 22-09-2018 - Saturday

വാഷിംഗ്‌ടണ്‍ ഡിസി: ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കളുടെ ശരീര ഭാഗങ്ങള്‍ കടത്തുന്നതിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രോലൈഫ് പ്രവര്‍ത്തകനും, സെന്റര്‍ ഫോര്‍ മെഡിക്കല്‍ പ്രോഗ്രസ്സിന്റെ സ്ഥാപകനുമായ ഡേവിഡ് ഡാലെയിഡന്‍ രംഗത്ത്. നികുതിദായകരുടെ പണമുപയോഗിച്ചു കൊണ്ടുള്ള ബാലഹത്യയാണ് അമേരിക്കയില്‍ നടക്കുന്നതെന്നും യുഎസ് ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ജീവിക്കാനിരിക്കുന്ന കുട്ടികളേക്കാള്‍ കൂടുതല്‍ വില മരിച്ച കുട്ടികള്‍ക്കാണെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും ഡാലെയിഡന്‍ പറയുന്നു. വാഷിംഗ്‌ടണ്‍ ഡിസിയില്‍ വെച്ച് നടന്ന വാല്യൂസ് വോട്ടര്‍ ഉച്ചകോടിയിലാണ് അദ്ദേഹം വേദനാജനകമായ വസ്തുതകള്‍ വിവരിച്ചത്.

അമേരിക്കയിലെ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA) ഗര്‍ഭഛിദ്രം മൂലം കൊന്നൊടുക്കിയ ശിശുക്കളുടെ ശരീരഭാഗങ്ങള്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഫ്‌ഡി‌എ അബോര്‍ഷന്‍ ചെയ്യപ്പെട്ട ശിശുക്കളുടെ ശരീര ഭാഗങ്ങള്‍ സംബന്ധിച്ച് അഡ്വാന്‍സ്ഡ് ബയോസയന്‍സ് റിസോഴ്സസ് (ABR) മായി ഒരു കരാര്‍ പുതുക്കിയിട്ടുണ്ടെന്ന് ഡാലെയിഡന്‍ ആരോപിക്കുന്നു. പ്ലാന്‍ഡ് പാരന്റ്ഹുഡില്‍ നിന്നും ശരീര ഭാഗങ്ങള്‍ വാങ്ങിക്ക് മറിച്ചു വില്‍ക്കുന്നവരാണ് എ‌ബി‌ആര്‍. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഡാലെയിഡന്‍ പറഞ്ഞു.

പ്രോലൈഫ് കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ കീഴിലാണ് ഇത്തരം ഹീന പ്രവര്‍ത്തികള്‍ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട കുട്ടികളുടെ കോശഭാഗങ്ങള്‍ എലികളില്‍ കുത്തിവെച്ച് മനുഷ്യ പ്രതിരോധ ശക്തിയോട് കൂടിയ ജീവികളെ സൃഷ്ടിക്കുകയാണ് എഫ്‌ഡി‌എ ചെയ്യുന്നത്. ബയോളജിക്കല്‍ മരുന്നുകള്‍ വളരെ ഫലപ്രദമായി പരിശോധിക്കുന്നതിന് മനുഷ്യ പ്രതിരോധശേഷിയോട് കൂടിയ ജീവികള്‍ സഹായകരമാണെന്നാണ് എഫ്‌ഡി‌എയുടെ വിലയിരുത്തല്‍.

പ്ലാന്‍ഡ് പാരന്റ് ഹുഡിന്റെ കീഴില്‍ അബോര്‍ഷന്‍ ചെയ്യുന്നവരും ഉദ്യോഗസ്ഥരും തമ്മില്‍ അബോര്‍ഷന്‍ ചെയ്യപ്പെട്ട ശിശുക്കളുടെ ശരീരഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള വിലപേശലിന്റെ വീഡിയോ സെന്റര്‍ ഫോര്‍ മെഡിക്കല്‍ പ്രോഗ്രസ്സ് 2015-ല്‍ പുറത്തു വിട്ടിരിന്നു. കഴിഞ്ഞ വര്‍ഷം മാത്രം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഹെല്‍ത്ത് (NIH) ഏതാണ്ട് 10 കോടി ഡോളറോളം ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണങ്ങളുടെ പരീക്ഷണങ്ങള്‍ക്കായി ചിലവഴിച്ചുവെന്ന് ഡാലെയിഡന്‍ പറയുന്നു. ആഗോളതലത്തില്‍ ഭ്രൂണഹത്യ എന്ന നരഹത്യയോടനുബന്ധിച്ച് നടക്കുന്ന വാണീജ്യതാല്‍പ്പര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഡാലെയിഡന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വരുന്നത്. ഇക്കാര്യത്തെക്കുറിച്ച് അമേരിക്കന്‍ ഗവണ്‍മെന്റ് ഉടനെ പ്രതികരിക്കണമെന്നാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്ന പ്രതികരണം.


Related Articles »