News - 2024

ക്രിസ്തു പകര്‍ന്ന വിശ്വാസം മറച്ചുവയ്ക്കാനല്ല, പ്രഘോഷിക്കാനുള്ളത്: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 26-09-2018 - Wednesday

വത്തിക്കാന്‍ സിറ്റി: ക്രിസ്തു പകര്‍ന്നു തന്ന വിശ്വാസവും സുവിശേഷമൂല്യങ്ങളും പറയുടെ കീഴില്‍ മറച്ചുവയ്ക്കാനുള്ളതല്ലായെന്നും അത് ജീവിക്കാനുള്ളതും പ്രഘോഷിക്കാനുള്ളതുമാണെന്നും ഫ്രാന്‍സിസ് പാപ്പ. ലിത്വാനിയായിലെ റീഗാ നഗരത്തില്‍ കന്യകാനാഥയുടെ നാമത്തിലുള്ള ഭദ്രാസന ദേവാലയത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തില്‍ വളര്‍ന്ന നാടാണിത് എന്ന സന്തോഷമാണ് ലാത്വിയയില്‍ നില്ക്കുമ്പോള്‍ ലഭിക്കുന്നതെന്നും ജീവിക്കുന്ന സഭൈക്യവും ക്രൈസ്തവ കൂട്ടായ്മയും പ്രത്യാശയ്ക്കും വളര്‍ച്ചയ്ക്കും ഏറെ വക നല്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

അനീതിയുടെയും പീഡനങ്ങളുടെയും ജീവിതക്ലേശങ്ങളുടെയും നാളുകളില്‍ അവര്‍ക്ക് ദൈവികമായ അഭയവും പിന്‍തുണയും പ്രത്യാശയും പകര്‍ന്ന പുണ്യഗേഹമാണിത്. ഇന്നും സഭൈക്യകൂട്ടായ്മയെ സ്വാഗതംചെയ്യുന്ന ഈ മാതൃസ്ഥാപനത്തെ ഐക്യത്തിന്‍റെ സ്രോതസ്സായി ദൈവാരൂപി നയിക്കട്ടെ. മത-സാംസ്ക്കാരിക ചിഹ്നങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് ഫോട്ടോയെടുത്തു പോകാനുള്ള നിര്‍ജ്ജീവ വസ്തുക്കളാകരുത്. അവയെ സംസ്ക്കാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റണം. അവയില്‍നിന്ന് സംസ്ക്കാരവും വിശ്വാസവും മാനുഷിക ചൈതന്യവും പ്രസരിക്കണം, പങ്കുവയ്ക്കപ്പെടണം. നമ്മുടെ വിശ്വാസവും നിര്‍ജ്ജീവമായ പുരവസ്തുവായിത്തീരാം.

വിശ്വാസികള്‍ ടുറിസത്തിന്‍റെ ഭാഗമാകാം, ഒപ്പം നമ്മുടെ പ്രാര്‍ത്ഥനാലയങ്ങളും സ്ഥാപനങ്ങളും. നമ്മുടെ പാരമ്പര്യങ്ങളും പുരാവസ്തുക്കളായി പരിണമിക്കാം. എല്ലാറ്റിലും കാഴ്ചവസ്തുക്കളാക്കപ്പെടുന്ന അപകടം പതിയിരിപ്പുണ്ട്. എന്നാല്‍ ക്രൈസ്തവ സ്ഥാപനങ്ങളും ഭവനങ്ങളും വ്യക്തികളും തങ്ങളുടെ സജീവ സാന്നിദ്ധ്യംകൊണ്ട് ക്രൈസ്തവീകതയുടെ ഈണങ്ങള്‍ ഉയര്‍ത്തേണ്ടവരാണ്. ക്രിസ്തു പകര്‍ന്നു തന്ന വിശ്വാസവും സുവിശേഷമൂല്യങ്ങളും പറയിന്‍ കീഴില്‍ മറച്ചുവയ്ക്കാനുള്ളതല്ല, അത് ജീവിക്കാനുള്ളതും പ്രഘോഷിക്കാനുള്ളതുമാണ്. വിളക്ക് പീഠത്തിന്മേല്‍ ഉയര്‍ത്തി സ്ഥാപിക്കാം. അതു സകലരെയും വെളിച്ചത്തില്‍ നയിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.


Related Articles »