News - 2024

കത്തോലിക്ക വിശ്വാസം സ്വീകരിച്ചു; അലെക്സാണ്ട്ര രാജകുമാരിയുടെ രാജത്വവകാശം നീക്കിയതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 28-09-2018 - Friday

ലണ്ടന്‍: ഹനോവറിലെ ഏര്‍ണസ്റ്റ് ഓഗസ്റ്റ് രാജാവിന്റെയും മൊണാക്കോയിലെ കരോളിന്‍ രാജ്ഞിയുടേയും ഏക മകളും, പത്തൊന്‍പതുകാരിയുമായ അലെക്സാണ്ട്ര രാജകുമാരിക്ക് ബ്രിട്ടീഷ് രാജത്വവകാശം നീക്കിയതായി റിപ്പോര്‍ട്ട്. ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭാംഗമായിരുന്ന അലെക്സാണ്ട്ര കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിന്റെ പേരിലാണ് ബ്രിട്ടീഷ് പിന്തുടര്‍ച്ചാവകാശത്തില്‍ നിന്നും പുറത്തായത്. ‘പോയിന്റ്‌ ഡെ വ്യൂ’ മാഗസിനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

1999-ല്‍ ഓസ്ട്രിയയിലെ വോക്ക്ളാബ്രക്കില്‍ ജനിച്ച അലെക്സാണ്ട്ര പ്രൊട്ടസ്റ്റന്‍റ് ലൂഥറന്‍ സഭാംഗമായിട്ടാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. കത്തോലിക്കയായ അമ്മയുടെ വിശ്വാസ തീക്ഷ്ണതയില്‍ ആകൃഷ്ട്ടയായതിനെ തുടര്‍ന്നു അടുത്തിടെ അലെക്സാണ്ട്ര കത്തോലിക്കാ സഭയില്‍ അംഗമാകുകയായിരിന്നു. 2011-ല്‍ ബ്രിട്ടീഷ് പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും, കത്തോലിക്കര്‍ക്കും, പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളല്ലാത്തവര്‍ക്കും ബ്രിട്ടീഷ് കിരീടാവകാശത്തിന് യോഗ്യതയില്ല. കിരീടാവകാശി ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടുമായി ബന്ധമുള്ള ആളായിരിക്കണം എന്നിവ അടക്കമുള്ള നിബന്ധനകളില്‍ യാതൊരു മാറ്റവും ഇതുവരെ വന്നില്ല.

ഈ നിബന്ധനകളാണ് അലെക്സാണ്ട്രയുടെ രാജത്വവകാശം നീക്കിയതിന് പിന്നിലുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പിതാവിന്റെ പാരമ്പര്യമാണ് അലെക്സാണ്ട്രയെ ബ്രിട്ടീഷ് കിരീടാവകാശിയാക്കിയത്. മൊണാക്കോയിലെ പരമാധികാരിയായ ആല്‍ബെര്‍ട്ട് രണ്ടാമന്റെ അനന്തരവളും, അമേരിക്കന്‍ നടിയായ ഗ്രേസ് കെല്ലിയുടെ കൊച്ചുമകളുമാണ് അലെക്സാണ്ട്ര. പിതാവിന്റെ പരമ്പര പ്രകാരം ഗ്രേറ്റ് ബ്രിട്ടണിലെ വിക്ടോറിയ രാജ്ഞിയുടേയും, ജര്‍മ്മനിയിലെ വില്‍ഹെം II ചക്രവര്‍ത്തിയുടേയും പിന്‍മുറക്കാരി കൂടിയാണ് അവര്‍.


Related Articles »