News - 2024

തിരുവോസ്തി നാവിൽ മാത്രം; നിർദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 05-10-2018 - Friday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ നടക്കുന്ന വിശുദ്ധ കുർബാനകളിൽ തിരുവോസ്തി നാവിൽ മാത്രം നൽകാൻ നിർദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. വെെദികർ വിശ്വാസികൾക്ക് കെെകളിൽ തിരുവോസ്തി നൽകരുതെന്ന് പേപ്പൽ ആരാധന കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മോൺസീഞ്ഞോർ ഗ്വിഡോ മരീനി നിർദേശം നൽകിയെന്നാണ് വത്തിക്കാനിലെ ചില വാർത്താ കേന്ദ്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. യുവജന സിനഡിന് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടന്ന വിശുദ്ധ കുർബാനയില്‍ തിരുവോസ്തി നാവിലാണ് നല്‍കപ്പെട്ടത്. ചിലര്‍ കരങ്ങള്‍ നീട്ടിയെങ്കിലും നാവിലാണ് ദിവ്യകാരുണ്യം നല്കിയത്.

ഒരു സ്ത്രീ നാവിൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ തയാറാകാതെ കെെകളിൽ വേണമെന്ന് ഒരു വെെദികനോട് ആവശ്യപ്പെട്ടതും, ബലമായി തിരുവോസ്തി പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചതും, വെെദികൻ ഇതിന് തയാറാകാതെ വന്നതുമായ ഒരു സംഭവും ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അരങ്ങേറി. വിശുദ്ധ കുർബാന നാവിൽ മാത്രം നൽകണം എന്ന ആവശ്യം ഈ കാലഘട്ടത്തിൽ വീണ്ടും ശക്തമാകുകയാണ്. ഈ നിലപാടിനെ പിന്തുണക്കുന്നവരുടെ എണ്ണം നിരവധിയാണ്.

ദിവ്യകാരുണ്യം നാവില്‍ നല്‍കുന്നതു വഴി വിശുദ്ധ കുർബാന അവഹേളിക്കപ്പെടാനുള്ള സാഹചര്യം ഒഴിവാക്കപ്പടുകയും, കുർബാനയോടുളള ഭക്തിയും, ബഹുമാനവും വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന്‍ ആരാധനയ്ക്കും, കൂദാശകൾക്കുമായുളള വിശ്വാസ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ നേരത്തെ വ്യക്തമാക്കിയിരിന്നു. ഇതേ വിഷയത്തെ പറ്റി ഫെബ്രുവരിയിൽ പുറത്തിറങ്ങിയ“ദി ഡിസ്ട്രിബ്യൂഷന്‍ ഓഫ് കമ്മ്യൂണിയന്‍ ഓണ്‍ ദി ഹാന്‍ഡ്‌: എ ഹിസ്റ്റോറിക്കല്‍, ജുഡീഷ്യല്‍, ആന്‍ഡ്‌ പാസ്റ്ററല്‍ സര്‍വ്വേ” എന്ന പുസ്തകത്തിന്റെ അവതാരികയില്‍ വിശുദ്ധ കുര്‍ബാന കൈകളില്‍ സ്വീകരിക്കുന്ന പതിവിന് പ്രചാരം ലഭിച്ചത് സാത്താന്റെ ആക്രമണത്തിന്റെ ഒരു ഭാഗമാണെന്നും കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ രേഖപ്പെടുത്തിയിരിന്നു.


Related Articles »