News
ആഗോള സഭക്കു ഇനി ഏഴ് വിശുദ്ധരുടെ കൂടി പൊൻതിളക്കം
സ്വന്തം ലേഖകൻ 15-10-2018 - Monday
വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ എത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി പോള്‍ ആറാമന്‍ മാര്‍പാപ്പ, രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ഓസ്കര് അര്‍ണുള്‍ഫോ റൊമേറോ എന്നിവരടക്കം ഏഴു പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്കുയര്‍ത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന ദിവ്യബലി മധ്യേയാണ് വിശുദ്ധ പദവി പ്രഖ്യാപനം നടന്നത്.
ഇറ്റലിയിലെ നേപ്പിൾസിൽനിന്നുള്ള ഫാ. വിൻചെൻസോ റൊമാനോ (1751-1831), സിസ്റ്റേഴ്സ് അഡോറേഴ്സ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെന്റ് എന്ന സഭയുടെ സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഫ്രൻചെസ്കോ സ്പിനെല്ലി (1853-1913), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ പുവർ ഹാൻഡ് മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ച ജർമൻകാരി മരിയ കാതറീന കാസ്പർ (1820-1898), മിഷ്ണറി ക്രൂസേഡേഴ്സ് ഓഫ് ദ ചർച്ച് എന്ന സഭ സ്ഥാപിക്കുകയും ചെയ്ത നസാറിയ ഇഗ്നാസിയ (1886-1943), രോഗപീഡകൾക്കടിപ്പെട്ട് 19 വർഷം മാത്രം ജീവിച്ച (1817-1836) ഇറ്റലിക്കാരൻ നുൺസിയോ സുൾപ്രീസിയോ എന്നിവരാണ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട മറ്റുള്ളവർ.
എൽസാൽവഡോറിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ മരണം ഏറ്റുവാങ്ങിയ റൊമേറോയുടെ അരയിൽക്കെട്ടിയിരുന്ന രക്തം പുരണ്ട ചരടും പോൾ ആറാമന്റെ വടിയും ധരിച്ചാണ് മാർപാപ്പ ദിവ്യബലി അർപ്പിച്ചത്. ദരിദ്രരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച പോൾ ആറാമനും റൊമേറോയും കത്തോലിക്കാസഭയുടെ ഇരുപതാം നൂറ്റാണ്ടിലെ പ്രവാചകരായിരുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു.
യുവജനങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന സിനഡിലെ പിതാക്കന്മാരുടെയും ആഗോള യുവജനപ്രതിനിധികളുടെയും ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെയും തീര്‍ത്ഥാടകരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപന ചടങ്ങ്.