News - 2024
തുര്‍ക്കി തടവിലാക്കിയ സുവിശേഷ പ്രഘോഷകന് ഒടുവില്‍ മോചനം
സ്വന്തം ലേഖകന്‍ 13-10-2018 - Saturday
അങ്കാര: രണ്ടുവര്‍ഷമായി തുര്‍ക്കി തടവിലാക്കിയ സുവിശേഷ പ്രഘോഷകന് അമേരിക്കന്‍ ഭരണകൂടത്തിന്റെ നിരന്തരമായ സമ്മര്‍ദ്ധത്തിന് ഒടുവില്‍ മോചനം. ആന്‍ഡ്രൂ ബ്രന്‍സണ്‍ എന്ന ഇവാഞ്ചലിക്കല്‍ പ്രെസ്ബിറ്റീരിയന്‍ പാസ്റ്ററെയാണ് തുര്‍ക്കി കോടതി ഇന്നലെ മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ മോചന വാര്‍ത്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് വഴിയാണ് ലോകത്തെ അറിയിച്ചത്. 'പാസ്റ്റര്‍ ബ്രന്‍സണ്‍ മോചിതനായി. ഉടന്‍ നാട്ടിലെത്തും' എന്നാണ് ട്രംപ് ട്വീറ്റു ചെയ്തത്. നേരത്തെ പാസ്റ്ററെ മോചിപ്പിക്കാനുള്ള ട്രംപിന്റെ അന്ത്യശാസനം വകവയ്ക്കാതിരുന്ന തുർക്കിയുടെ മേൽ കടുത്ത സാമ്പത്തിക നടപടികളാണ് അമേരിക്ക എടുത്തിരിന്നത്.
അമേരിക്കയിലേയ്ക്ക് തുർക്കി കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ മേൽ ഇരട്ടി ചുങ്കം ഏർപ്പെടുത്തിയതോടെ തുർക്കിയുടെ കറൻസിയായ ലിറയുടെ മൂല്യം കൂപ്പുകുത്തി. ഇതിന്റെ ഫലം ആഗോള തലത്തില്‍ തന്നെ പ്രതിഫലിച്ചിരിന്നു. തുർക്കിയിലെ ഇസ്മിർ എന്ന ഒരു നഗരത്തിലായിരുന്നു പാസ്റ്റർ ബ്രൻസൺ കുടുബത്തോടൊപ്പം കഴിഞ്ഞിരുന്നത്. 2016 ഒക്ടോബർ മാസമാണ് ബ്രൻസണെ വ്യാജം ആരോപണം ഉന്നയിച്ച് തുർക്കി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കുര്‍ദിഷ് തീവ്രവാദികളുമായി ബന്ധം പുലര്‍ത്തിഎന കുറ്റമാണ് സുവിശേഷ പ്രഘോഷകന് നേരെ ആരോപിക്കപ്പെട്ടിരിന്നതെങ്കിലും വിശ്വാസത്തിന്റെ പേരിലാണ് ബ്രൻസണെ തുർക്കി അറസ്റ്റ് ചെയ്തതെന്ന ആരോപണവും ശക്തമായിരിന്നു. അതേസമയം സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിയുമായുള്ള യുഎസ് ബന്ധത്തിൽ ഉലച്ചിലുണ്ടാകുന്ന സാഹചര്യത്തിൽ അമേരിക്കയുമായി അടക്കുവാനുള്ള നീക്കമായി തുര്‍ക്കിയുടെ നടപടിയെ കാണുന്നവരുമുണ്ട്.