News

മാർപാപ്പ ഉത്തര കൊറിയ സന്ദർശിക്കണമെങ്കിൽ കടമ്പകൾ നിരവധി

സ്വന്തം ലേഖകന്‍ 12-10-2018 - Friday

സിയോള്‍/ വത്തിക്കാന്‍ സിറ്റി: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ കൊറിയ സന്ദർശിക്കണമെങ്കിൽ കടമ്പകൾ നിരവധി. ദക്ഷിണ കൊറിയയിലെ ഡായിജിയോൺ രൂപതയുടെ മെത്രാൻ ലസാരോ യൂ ഹയൂം സിക്ക് ഏഷ്യാ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർപാപ്പയുടെ ക്ഷണപ്രകാരം ഇപ്പോൾ യുവജന സിനഡിൽ പങ്കെടുക്കാൻ വത്തിക്കാനില്‍ എത്തിയതായിരിന്നു അദ്ദേഹം. മാർപാപ്പ അങ്ങനെ ഒരു അജപാലന സന്ദർശനം നടത്തിയാൽ അന്താരാഷ്ട്ര തലത്തിൽ ഉത്തര കൊറിയയുടെ പ്രതിച്ഛായ വർദ്ധിക്കും എന്നാണ് ബിഷപ്പ് ലസാരോ യൂ പറയുന്നത്. അപ്പസ്തോലിക സന്ദര്‍ശനത്തിനുള്ള തടസ്സങ്ങളായി വിവിധ കാരണങ്ങള്‍ അദ്ദേഹം നിരത്തുന്നുണ്ട്.

ഉത്തര കൊറിയ അവരുടെ രാജ്യത്ത് വെെദികർക്ക് പ്രവർത്തിക്കാൻ അനുവാദം നൽകുക എന്നതാണ് ഒന്നാമത്തെ കാര്യമായി ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് മത സ്വാതന്ത്ര്യം നൽകുക എന്നതാണ് രണ്ടാമത്തെ കാര്യം. ഇങ്ങനെയുള്ള മാറ്റങ്ങൾ രാജ്യത്തു സംഭവിച്ചാൽ വെെകിയാണെങ്കിലും ഒരുപക്ഷേ മാർപാപ്പ ഉത്തര കൊറിയ സന്ദർശിക്കാൻ സാധ്യതയുളളതായി ബിഷപ്പ് ലസാരോ യൂ പറയുന്നു. വത്തിക്കാൻ കഴിഞ്ഞ ദിവസം ചെെനയുമായി ഉണ്ടാക്കിയ കരാറും ഉത്തര കൊറിയുടെ മനം മാറ്റത്തിനു കാരണമായിട്ടുണ്ടാകണമെന്ന് ബിഷപ്പ് ലസാരോ യൂ സൂചിപ്പിച്ചു. അതേസമയം ഒക്ടോബർ പതിനേഴിന് വത്തിക്കാൻ സന്ദർശിക്കുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ക്ഷണം മാർപാപ്പയെ അറിയിക്കും.

More Archives >>

Page 1 of 373