News
സിനഡില്‍ ദിവ്യകാരുണ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് യൂറോപ്യന്‍ മെത്രാന്മാര്‍
സ്വന്തം ലേഖകന്‍ 16-10-2018 - Tuesday
റോം: കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാനമായ ദിവ്യകാരുണ്യത്തിനും പിതാക്കന്‍മാര്‍ക്കും യുവജന സിനഡിന്റെ പ്രമാണ രേഖയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള മെത്രാന്മാര്‍. ബെലാറൂസിലെ മെത്രാപ്പോലീത്തയായ തദേവൂസ് കൊണ്ട്രൂസിയാവിക്സ്, ലാത്വിയായിലെ റിഗായിലെ മെത്രാപ്പോലീത്തയായ സ്ബിഗ്നേവ്സ് സ്റ്റാന്‍കെവിക്സ് എന്നിവരാണ് യുവജനങ്ങളെ ആസ്പദമാക്കി വത്തിക്കാനില്‍ നടന്നു കൊണ്ടിരിക്കുന്ന മെത്രാന്മാരുടെ സിനഡില്‍ ആവശ്യം ഉന്നയിച്ചത്.
സിനഡിന്റെ പ്രമാണ രേഖയില്‍ ദിവ്യകാരുണ്യത്തിനും ആരാധനാ ക്രമത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് കൊണ്ട്രൂസിയാവിക്സ് മെത്രാപ്പോലീത്ത പറഞ്ഞു. അജപാലനപരമായി വളരെയേറെ പ്രാധാന്യമുള്ള സിനഡിന്റെ പരമപ്രധാനമായ പ്രമാണ രേഖയില്‍ ദിവ്യകാരുണ്യത്തെക്കുറിച്ച് വെറും രണ്ടു പ്രാവശ്യവും, ആരാധന ക്രമത്തെക്കുറിച്ച് എട്ട് പ്രാവശ്യവും മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബെലാറൂസിലെ യുവജനങ്ങളെ വിശ്വാസത്തിലേക്ക് കൊണ്ട് വരുവാന്‍ വിശുദ്ധ കുര്‍ബാന വഹിച്ച പങ്കിനെക്കുറിച്ച് കൊണ്ട്രൂസിയാവിക്സ് മെത്രാപ്പോലീത്ത വിവരിച്ചു. സെപ്റ്റംബര്‍ 23-ന് കോനാസില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയിലെ പങ്കെടുക്കുവാന്‍ 2,000 ത്തോളം വിശ്വാസികളാണ് എത്തിയത്, ഇവരില്‍ പകുതിയോളം പേര്‍ യുവതീയുവാക്കളായിരുന്നു.
എന്നാല്‍ സെപ്റ്റംബര്‍ 22-ന് യുവജനങ്ങളുമായുള്ള പാപ്പായുടെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുവാന്‍ 500 പേര്‍ മാത്രമാണ് എത്തിയതെന്ന് ബെലാറൂസിലെ യുവജനങ്ങള്‍ വിശുദ്ധ കുര്‍ബാനക്ക് നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബെലാറൂസുമായി അതിര്‍ത്തി പങ്കിടുന്ന ബാള്‍ട്ടിക് രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 22-25 വരെയായിരുന്നു ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തിയത്. നമ്മുടെ ആരംഭവും, അവസാനവും വിശുദ്ധ കുര്‍ബാനയാണ്. ഈ സത്യം നാം മനസ്സിലാക്കാതെ പോകുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് പുറമേ പിതൃത്വത്തിനും സിനഡ് രേഖ കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നും ഇരു മെത്രാപ്പോലീത്തമാരും ആവശ്യപ്പെട്ടു.
വിശ്വാസം പകരുന്നതില്‍ പിതാക്കന്‍മാര്‍ക്ക് വളരെ വലിയ പങ്കാണുള്ളതെന്ന് സ്റ്റാന്‍കെവിക്സ് മെത്രാപ്പോലീത്ത പറഞ്ഞു. വിശ്വാസ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന പിതാക്കന്‍മാരുടെ കുട്ടികളില്‍ 75 ശതമാനവും, ദൈവവുമായുള്ള വിശ്വാസത്തിന്റെ മേഖലയില്‍ ശ്രദ്ധാലുക്കളായിരിക്കുവാന്‍ സാധ്യതയുണ്ടെന്നും, മാതാക്കളുടെ കാര്യത്തില്‍ ഈ സാധ്യത വെറും 15 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനഡിന്റെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ദിവ്യകാരുണ്യത്തെ കുറിച്ചും പിതൃത്വത്തെ കുറിച്ചും പ്രത്യേകം പരാമര്‍ശിക്കണമെന്നും ബിഷപ്പുമാര്‍ മെത്രാന്‍ സിനഡില്‍ അഭ്യര്‍ത്ഥിച്ചു.