News

ഫ്രാന്‍സിസ് പാപ്പ ഉത്തരകൊറിയ സന്ദര്‍ശിച്ചേക്കും; സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 19-10-2018 - Friday

വത്തിക്കാന്‍ സിറ്റി: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്‍ ഔദ്യോഗികമായി ക്ഷണിക്കുകയാണെങ്കില്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുവാന്‍ സന്നദ്ധനാണെന്ന് ഫ്രാന്‍സിസ് പാപ്പ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. വത്തിക്കാനില്‍ വെച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റായ മൂണ്‍ ജെ-ഇന്നുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ പാപ്പ തന്റെ സന്നദ്ധത അറിയിച്ചതായി മൂണിന്റെ പ്രസ് സെക്രട്ടറിയാണ് മാധ്യമങ്ങളെ അറിയിച്ചത്. കിമ്മിന്റെ ഔദ്യോഗിക ക്ഷണം അധികം താമസിയാതെ ലഭിക്കും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. തന്റെ ക്ഷണം ഫ്രാന്‍സിസ് പാപ്പക്ക് കൈമാറണമെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് തന്നെയാണ് മൂണിനോട് ആവശ്യപ്പെട്ടതെന്ന് കൊറിയന്‍ വാര്‍ത്താ മാധ്യമമായ യോന്‍ഹാപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുകൊറിയകളും തമ്മില്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നതിനും, ഇരുരാഷ്ട്രങ്ങളെയും സൗഹാര്‍ദ്ദത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനും കത്തോലിക്ക സഭക്ക് വഹിക്കുവാന്‍ കഴിയുന്ന പങ്കിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം വത്തിക്കാന്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. “ഭയപ്പെടരുത് ധൈര്യമായി മുന്നോട്ട് പോവുക” എന്ന് പറഞ്ഞുകൊണ്ട് കൊറിയന്‍ മേഖലയില്‍ സമാധാനം കൈവരുത്തുന്നതിനായി മൂണ്‍ നടത്തുന്ന ശ്രമങ്ങളെ പാപ്പ പ്രത്യേകം അഭിനന്ദിച്ചുവെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയൊരു യുഗം കെട്ടിപ്പടുക്കുന്നതിനും, ഇപ്പോഴും കൊറിയന്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ ഇല്ലായ്മചെയ്യുവാനും തങ്ങളാല്‍ കഴിയുന്നത് ചെയ്യുമെന്ന് കൂടിക്കാഴ്ചയില്‍ ഇരുവരും വ്യക്തമാക്കി. വത്തിക്കാനിലെ അപ്പസ്തോലിക മന്ദിരത്തിന്റെ ലൈബ്രറി കവാടത്തില്‍വെച്ചാണ് പാപ്പ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ സ്വീകരിച്ചത്. “താങ്കളെ കാണുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്” എന്ന് പാപ്പ പറഞ്ഞപ്പോള്‍, “ദക്ഷിണ കൊറിയയുടെ തലവനായിട്ടാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നതെങ്കിലും, ഞാനും ഒരു കത്തോലിക്കനാണ്, എന്റെ മാമ്മോദീസ പേര് തിമോത്തി എന്നാണ്” എന്നായിരുന്നു മൂണിന്റെ മറുപടി.

കൊറിയന്‍ വൈദികന്‍ ഫാ. ഹാന്‍ ഹ്യുന്‍-ടേക്കിന്റെ പരിഭാഷയുടെ സഹായത്തോടെ നടന്ന ചര്‍ച്ച ഏതാണ്ട് 30 മിനിറ്റിലധികം നേരം നീണ്ടു. സ്വകാര്യ കൂടിക്കാഴ്ചക്ക് ശേഷം കൊറിയന്‍ ശില്‍പ്പി തയ്യാറാക്കിയ മുള്‍ക്കീരടമണിഞ്ഞ യേശുവിന്റെ മുഖ ശില്‍പ്പം മൂണ്‍ പാപ്പാക്ക് കൈമാറുകയുണ്ടായി. മുള്‍ക്കിരീടത്തിലെ മുള്ളുകളെ കൊറിയന്‍ ജനതയുടെ സഹനത്തോടാണ് മൂണ്‍ ഉപമിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും മൂണ്‍ പങ്കെടുക്കുകയുണ്ടായി. കൂടിക്കാഴ്ചക്ക് ശേഷം വിലപ്പെട്ട സമയം തനിക്കായി ചിലവഴിച്ചതില്‍ മൂണ്‍ പാപ്പയോട് നന്ദി അറിയിക്കുകയും ചെയ്തു.


Related Articles »