India - 2024

കുമ്പസാര വിരുദ്ധ പരാമര്‍ശം: വിജ്ഞാന കൈരളി മാസികയ്‌ക്കെതിരെ പരാതി നല്‍കി

സ്വന്തം ലേഖകന്‍ 30-10-2018 - Tuesday

കൊച്ചി: കുമ്പസാരത്തെക്കുറിച്ചു മോശമായ പരമാര്‍ശങ്ങളുമായി പ്രസിദ്ധീകരിച്ച കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന കൈരളി മാസികയ്‌ക്കെതിരേ കേസെടുക്കണമെന്ന പരാതിയില്‍ നടപടി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സമര്‍പ്പിച്ച പരാതി തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറി. മതത്തെയും മതവിശ്വാസത്തെയും അവഹേളിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 295 എ വകുപ്പുപ്രകാരം വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണു പരാതിയിലെ ആവശ്യം.

നൂറ്റാണ്ടുകളായി ക്രൈസ്തവ സഭകളില്‍ നിലനിന്നുപോരുന്ന പരിശുദ്ധവും പരിപാവനവുമായ കൂദാശയാണു കുന്പസാരമെന്നും പ്രസിദ്ധീകരണത്തില്‍ വന്ന മുഖപ്രസംഗം അപഹാസ്യമായതിനാല്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പയും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.

വിഷയത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ക്രൈസ്തവ സഭയെ അവഹേളിക്കുകയും തകര്‍ക്കുകയും നാട്ടില്‍ മതസ്പര്‍ധ വളര്‍ത്തുകയും ചെയ്യുകയെന്ന നിരീശ്വര പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയുടെ ഫലമായിട്ടാണ് സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍ ഇപ്രകാരം ഒരു ലേഖനം ചേര്‍ക്കപ്പെട്ടത് എന്ന് കത്തോലിക്ക കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

More Archives >>

Page 1 of 200