India - 2024

വിജ്ഞാന കൈരളിക്കെതിരെ പ്രതിഷേധം വ്യാപകം

സ്വന്തം ലേഖകന്‍ 01-11-2018 - Thursday

കൊച്ചി: വിജ്ഞാനകൈരളി മാസികയില്‍ വന്ന കുമ്പസാര വിരുദ്ധ പരാമര്‍ശത്തിലും തുടര്‍ന്നുണ്ടായ വിശദീകരണത്തിലും പ്രതിഷേധം വ്യാപകമാകുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വിശദീകരണം പ്രകോപനപരമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദപ്പെട്ട സ്ഥാപനത്തിന്റെ ഡയറക്ടറില്‍ നിന്നുണ്ടാകുന്ന ഇത്തരം പ്രതികരണം ആശങ്കാജനമാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു. മാസികയുടെയും ഡയറക്ടറുടെയും വിശ്വാസവിരുദ്ധ നിലപാടുകള്‍ക്കെതിരേ നിയമനടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദ വിജ്ഞാന കൈരളി മാസിക എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മാസികയുടെ ലക്കങ്ങള്‍ പിന്‍വലിക്കണമെന്നും മതേതര സങ്കല്പത്തിനു പോറലേല്പിക്കുന്നതാണു നടപടിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.സി.വൈ.എം തൃശൂര്‍ അതിരൂപത ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രസിദ്ധീകരണത്തില്‍ മതാനുഷ്ഠാനത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാടില്ലാത്തതാണെന്നും കെ.സി.വൈ.എം നേതൃത്വം അഭിപ്രായപ്പെട്ടു.

മാസികയില്‍ കുമ്പസാരത്തെയും മതാത്മക ജീവിതത്തെയും അവഹേളിച്ചുകൊണ്ടുള്ള പരാമര്‍ശത്തില്‍ കെസിഎസ്എല്‍ സംസ്ഥാന നേതൃയോഗവും പ്രതിഷേധിച്ചു. നാഷണല്‍ സര്‍വ്വീസ് സ്‌കീമിലെ അംഗങ്ങള്‍ക്കു വിതരണം ചെയ്യുന്ന മാസികയില്‍, മതത്തെയും മതാചാരങ്ങളെയും അവഹേളിക്കാന്‍ പഠിപ്പിക്കുന്ന തരത്തില്‍ ലേഖനങ്ങള്‍ വരുന്നത് കൗമാരമനസുകളെ മതസ്പര്‍ധയിലേക്ക് നയിക്കുമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മാപ്പു പറയണമെന്നും യോഗം ആവശ്യപ്പെട്ടു.


Related Articles »