News - 2024
ക്രിസ്തുവിനെ കൂടാതെയുള്ള സഭയുടെ ദൗത്യം കേവലം സാമൂഹ്യ പ്രവർത്തനങ്ങൾ മാത്രം: ഫ്രാൻസിസ് പാപ്പ
സ്വന്തം ലേഖകന്‍ 31-10-2018 - Wednesday
റോം: ക്രിസ്തു ഇല്ലെങ്കിൽ സഭയുടെ ദൗത്യം വെറും സാമൂഹ്യ പ്രവർത്തനങ്ങൾ മാത്രമാകുമെന്നും, സഭയുടെ എല്ലാ ദൗത്യങ്ങളും ഉത്ഥിതനായ ക്രിസ്തുവിനോട് ചേർന്ന് ഉള്ളതാകണമെന്നും ഫ്രാൻസിസ് പാപ്പ. മിഷ്ണറീസ് ഒാഫ് സെന്റ് ചാൾസ് ബൊറൊമിയോ എന്ന സന്യാസ സഭയിൽ നിന്നുള്ള നാൽപത്തിയഞ്ചോളം വരുന്ന സന്ന്യാസികളോടാണ് ക്രിസ്തുവിനോട് ചേർന്നുള്ള ദൗത്യ നിർവ്വഹണത്തിന്റെ പ്രാധാന്യത്തെ പറ്റി പാപ്പ വിശദീകരണം നൽകിയത്. യേശു വചനത്തിലും, വിശുദ്ധ കുർബാനയിലും, അനുരഞ്ജന കൂദാശയിലും സന്നിഹിതനാണ് എന്ന ബോധ്യത്താൽ നമ്മൾ തന്നെതന്നെ നവീകരിക്കണമെന്നും നിശബ്ദമായ ആരാധനയിലൂടെയും, ജപമാലയിലൂടെയും അവനോടൊപ്പം ആയിരിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.
കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ജിയോവാനി ബാറ്റിസ്റ്റ സക്ളാനാ ബ്രീനിയാണ് മിഷ്ണറീസ് ഒാഫ് സെന്റ് ചാൾസ് ബൊറൊമിയോ എന്ന സന്ന്യാസ സഭ സ്ഥാപിച്ചത്. തങ്ങളുടെ ദൗത്യ നിർവഹണത്തിൽ ജിയോവാനി ബറ്റിസ്റ്റ സക്ളാനാ ബ്രീനിയെ മാതൃകയാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ സന്ന്യാസിമാർക്ക് നിർദ്ദേശം നൽകി. മിഷന്‍ ദൌത്യത്തില്‍ ദിവ്യകാരുണ്യത്തെയും യേശുവിന്റെ വചനത്തെയും കേന്ദ്രീകരിച്ചു അവിടുത്തെ മനുഷ്യാവതാരത്തെയും മരണത്തെയും ഉയിര്‍പ്പിനെയും പ്രഘോഷിക്കണം. അൽമായരോടൊപ്പം പ്രതിസന്ധികളെ നേരിടണം എന്നു പറഞ്ഞാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.