News - 2024
ഭൂത വേഷങ്ങള്‍ക്ക് പകരം വിശുദ്ധ വേഷം ധരിച്ച് ഹോളിവീന്‍ ആഘോഷിക്കുവാന്‍ ഫിലിപ്പീന്‍സ്
സ്വന്തം ലേഖകന്‍ 31-10-2018 - Wednesday
മനില: ഭൂത വേഷങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ദിനത്തിനു പകരം വിശുദ്ധരുടെ വേഷം ധരിച്ചു ഹോളിവീന്‍ ആഘോഷിക്കുവാന്‍ ഫിലിപ്പീന്‍സ് ഒരുങ്ങി. പേടിപ്പെടുത്തുന്ന വേഷവിധാനങ്ങള്‍ ജീവന്റെ ആഘോഷത്തിനു പകരം ‘മരണത്തിന്റെ ആഘോഷമാക്കി’ മാറ്റിയിരിക്കുകയാണെന്നും ഇതിനെതിരെ വിശുദ്ധ വേഷം ധരിക്കണമെന്നും രാജ്യത്തെ കത്തോലിക്ക സഭാനേതൃത്വം മാതാപിതാക്കളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. കത്തോലിക്കര്‍ വിശ്വാസപരമായ രീതിയിലാവണം ‘ഹാലോവീന്‍സ് ഡേ’ കൊണ്ടാടുവാനെന്ന് അല്‍മായരുടെ എപ്പിസ്കോപ്പല്‍ കമ്മീഷന്‍ ചെയര്‍മാനും, മനിലയിലെ സഹായകമെത്രാനുമായ ബ്രോഡറിക്ക് പാബില്ലോ പറഞ്ഞു.
സെമിത്തേരിയില്‍ പോയി കല്ലറകളില്‍ പൂക്കള്‍ വെക്കുന്നതും, മെഴുകു തിരികള്‍ കത്തിക്കുന്നതും, സ്വാഗതാര്‍ഹമാണ്. കാരണം ഇതെല്ലാം ജീവനെ സൂചിപ്പിക്കുന്നു. തങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന്റെ സൂചകമെന്ന നിലയില്‍ ഫിലിപ്പീനോകള്‍ സെമിത്തേരിയില്‍ പാര്‍ട്ടികള്‍ നടത്താറുണ്ട്. ഇതെല്ലാം ജീവനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഹാലോവീന്‍ ദിനാഘോഷം മരണത്തിന്റെ ആഘോഷമായി മാറികഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഭയാനകമായ വേഷങ്ങള്‍ക്കു പകരം വിശുദ്ധരുടെ ജീവിതങ്ങള്‍ മനസ്സിലാക്കത്തക്കവിധം വേണം ഹാലോവീന്‍സ് ദിനം ആഘോഷിക്കേണ്ടതെന്ന് സഭാ നേതൃത്വം പറയുന്നു. ഇതിനോടകം രാജ്യത്തെ നിരവധി ഇടവകകള്‍ ഹാലോവീന്‍ പാര്‍ട്ടികള്‍ക്ക് പകരം ‘പരേഡ് ഓഫ് സെയിന്റ്സ്’ എന്ന പേരില്‍ റാലികള്‍ നടത്തുവാന്‍ തുടങ്ങിയിട്ടുണ്ട്. ജപമാല മാസത്തിന്റെ അവസാനവും, സകലവിശുദ്ധരുടെ ദിനത്തിന്റെ സ്വാഗതവുമെന്ന നിലയിലാണ് 'പരേഡ് ഓഫ് സെയിന്റ്സ്' നടത്തുന്നത്.
നവംബര്‍ മാസത്തിലെ ആദ്യ രണ്ടു ദിവസങ്ങളില്‍ മരിച്ചവരെ ഓര്‍മ്മിക്കുന്നതും, സെമിത്തേരിയില്‍ പോയി പ്രാര്‍ത്ഥിക്കുകയും, കല്ലറകളില്‍ മെഴുകുതിരികള്‍ കത്തിക്കുകയും, കല്ലറകള്‍ അലങ്കരിക്കുകയും ചെയ്യുന്നത് ഫിലിപ്പീന്‍സിലെ കത്തോലിക്കര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന വിശ്വാസ പാരമ്പര്യമാണ്. തങ്ങളുടെ മരിച്ചു പോയവരുടെ കല്ലറകള്‍ക്ക് സമീപം കുടുംബമായി ചെന്നിരുന്ന് ഒരു രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ നടത്തുന്നവരും നിരവധിയാണ്.