News - 2024
പ്രാര്‍ത്ഥന സഫലം: ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കി
സ്വന്തം ലേഖകന്‍ 31-10-2018 - Wednesday
ലാഹോര്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിക്കു ഒടുവില്‍ നീതിപീഠത്തിന്റെ പച്ചക്കൊടി. ആസിയായുടെ വധശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സക്വിബ് നിസറാം അധ്യക്ഷനായ ബഞ്ചാണ് ആസിയയെ മോചിപ്പിക്കുവാന്‍ തീരുമാനിച്ചത്. പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആസിയായെ ഉടനെ തന്നെ ജയിലില്‍ നിന്നു മോചിപ്പിക്കണമെന്ന് വിധിയില്‍ പരാമര്‍ശിക്കുന്നു.
ആസിയ ബീബിയെ വധിക്കണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം സംഘടനകള്‍ നേരത്തെ രംഗത്ത് വന്നിരിന്നതിനാല്‍ മോചനം എന്നു നടക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. വിധിയില്‍ ആസിയ അതീവ സന്തോഷം പ്രകടിപ്പിച്ചെന്ന് എഎഫ്‌പി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സമ്മര്‍ദ്ധം ഉണ്ടായെങ്കിലും ആസിയ യേശുവിലുള്ള വിശ്വാസം മുറുകെ പിടിക്കുകയായിരിന്നു. 2009-ല്‍ ആസിയ ഒരു കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം.
ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ വെള്ളം നിഷേധിച്ചത്. തുടര്‍ന്ന് ആസിയ കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു. ഇതിനിടെ ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം.
എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആസിയ ബീബി പിന്നീട് വെളിപ്പെടുത്തിയിരിന്നു. അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയായ ആസിയയുടെ അപ്പീല്‍ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 2017 ഒക്ടോബറില്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി പരിഗണിച്ചെങ്കിലും പ്രധാന ജഡ്ജി പിന്‍മാറിയിരിന്നു. ഇതോടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ഒരു വര്‍ഷത്തിന് ശേഷം ഈ മാസം വീണ്ടും കേസ് സുപ്രീം കോടതി പരിഗണിക്കുകയായിരിന്നു.
ആസിയായുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും സമ്മര്‍ദ്ധം ഉയര്‍ന്നിരിന്നു. അടുത്തിടെ വത്തിക്കാനിലെത്തിയ ആസിയായുടെ കുടുംബത്തിന് ഫ്രാന്‍സിസ് പാപ്പ ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തിരിന്നു. നീണ്ട പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്‍റെയും ഫലമായാണ് വിധിയെ പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ നോക്കിക്കാണുന്നത്.