News

അന്ത്യോക്യന്‍ സിറിയന്‍ യൂണിവേഴ്‌സിറ്റി; ക്രിസ്ത്യന്‍ സമൂഹത്തിന് ഇത് അഭിമാന നിമിഷം

സ്വന്തം ലേഖകന്‍ 12-11-2018 - Monday

ഡമാസ്കസ്, സിറിയ: ദീര്‍ഘ നാളത്തെ പ്രാര്‍ത്ഥനക്കും കാത്തിരിപ്പിനും ഒടുവില്‍ സിറിയയില്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ യൂണിവേഴ്സിറ്റിക്കു ആരംഭം. ആഭ്യന്തര കലഹത്തിന്റെ മുറിവുകള്‍ ഉണക്കാന്‍ ശ്രമിക്കുന്ന ക്രൈസ്തവ സമൂഹത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് യൂണിവേഴ്സിറ്റിയുടെ സ്ഥാപനം. ഡമാസ്ക്കസില്‍ നിന്നു 27 കിലോമീറ്റര്‍ മാറി സയിദ്നായ ഗ്രാമത്തില്‍ പണികഴിപ്പിച്ച അന്ത്യോക്യന്‍ സിറിയന്‍ യൂണിവേഴ്സിറ്റി നവംബര്‍ 6നായിരുന്നു ഉദ്ഘാടനം ചെയ്തത്. സിറിയയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അതെഫ് അല്‍-നാദാഫ്, സിറിയയിലെ അപ്പസ്തോലിക പ്രതിനിധി കര്‍ദ്ദിനാള്‍ മാരിയോ സെനാരി തുടങ്ങിയവര്‍ക്ക് പുറമേ, പ്രാദേശിക സഭാ പ്രതിനിധികള്‍, ഇസ്ലാമിക പ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസായ മോര്‍ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമനാണ് സര്‍വ്വകലാശാലക്ക് മുന്‍കൈ എടുത്തത്. ഉന്നത വിദ്യാഭ്യാസം എന്നത് മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ സമുദായങ്ങളുടെ അജപാലക ദൗത്യത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും, തങ്ങളുടെ ഓരോ ആശ്രമങ്ങളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നുവെന്നും പാത്രിയാര്‍ക്കീസ് അഫ്രേം പറഞ്ഞു. പുതിയ സര്‍വ്വകലാശാലയിലൂടെ തങ്ങള്‍ തങ്ങളുടെ സഭാ പിതാക്കന്‍മാരുടെ കാലടികള്‍ പിന്തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രത്തെ നശിപ്പിച്ചുക്കൊണ്ടിരിക്കുന്ന സിറിയന്‍ ആഭ്യന്തരകലഹത്തില്‍ നിന്നും സിറിയ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്ന വസ്തുത മറച്ചുവെക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടിയാണ് പുതിയ സര്‍വ്വകലാശാലയുടെ ഉദ്ഘാടനമെന്നു മന്ത്രി അതെഫ് അല്‍-നാദാഫ് പറഞ്ഞു. പുതിയ സര്‍വ്വകലാശാലയുടെ പൂര്‍ത്തീകരണത്തിനായി സഹായിച്ച സകലര്‍ക്കും പാത്രിയാര്‍ക്കീസ് അഫ്രേം II നന്ദി അറിയിച്ചു. സര്‍വ്വകലാശാലക്ക് വേണ്ടി പരിപൂര്‍ണ്ണ പിന്തുണ നല്‍കിയ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന് പ്രത്യേകം സ്മരിക്കുവാനും അദ്ദേഹം മറന്നില്ല. 2007-ല്‍ ആണ് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ സര്‍വ്വകലാശാലയ്ക്കായി പദ്ധതി ആരംഭിച്ചത്.


Related Articles »