India - 2024

വിജ്ഞാന കൈരളി: ഒടുവില്‍ ഖേദ പ്രകടനം, വിവാദ ഭാഗം റദ്ദാക്കി

സ്വന്തം ലേഖകന്‍ 20-11-2018 - Tuesday

തിരുവനന്തപുരം: കുമ്പസാരത്തെ അവഹേളിച്ചു ലേഖനം പ്രസിദ്ധീകരിച്ച കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയായ വിജ്ഞാന കൈരളിയില്‍ മുഖപ്രസംഗം എഴുതിയ വിജ്ഞാന കൈരളി ചീഫ് എഡിറ്റര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ ഖേദം പ്രകടിപ്പിച്ചു. മുഖപ്രസംഗം ക്രൈസ്തവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ക്രൈസ്തവ പുരോഹിതന്മാര്‍ പരാതിപ്പെട്ടിരുന്നുവെന്നും ബോധപൂര്‍വം അങ്ങനെ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലായെന്നും മുഖപ്രസംഗം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വിവാദ ഭാഗം റദ്ദാക്കിയതായും പി‌ആര്‍‌ഓ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളി മാസികയുടെ രണ്ടു ലക്കങ്ങളിലാണു കുമ്പസാരത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ഇനി മുതല്‍ ഒരു സ്ത്രീയും കാമുകിയായാലും കര്‍ത്താവിന്റെ മണവാട്ടിയായാലും ആരുടെ മുമ്പിലും കുമ്പസാരിക്കരുതെന്നും മരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ലെന്നു പാട്ടു പാടിയാല്‍ മാത്രം പോരാ, കുമ്പസാരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ലെന്നു സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണമെന്നും ആഹ്വാനം ചെയ്യുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തില്‍ ഉടനീളം ഉയര്‍ന്നത്. വിഷയം ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മുന്നിലും എത്തിയിരിന്നു.


Related Articles »