Life In Christ - 2025

അമ്മയ്ക്കു ക്യാന്‍സര്‍, മകനു വൃക്കരോഗം; പുതുജീവിതം സമ്മാനിച്ച് കന്യാസ്ത്രീയും

സ്വന്തം ലേഖകന്‍ 20-11-2018 - Tuesday

തൃശൂര്‍: വടക്കേ കാരമുക്ക് പള്ളിക്കുന്നത്ത് പരേതനായ ജോണിന്റെ മകനും അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ സിജോയെ വൃക്ക രോഗം വേട്ടയാടാന്‍ തുടങ്ങിയത് അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇതിനിടെ അമ്മയെ ക്യാന്‍സര്‍ രോഗവും പിടികൂടി. പ്രതീക്ഷയറ്റ നാളുകളായിരിന്നു അത്. ഡയാലിസിസിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും സിജോ കഴിച്ചുകൂട്ടിയത്. അമ്മയും രോഗ ബാധിതയായതോടെ താമസിച്ചിരുന്ന വീട് വിറ്റാണു ചികിത്സ നടത്തിയിരിന്നത്. ഒടുവില്‍ ഇവര്‍ക്ക് പുതുപ്രതീക്ഷ കൈവന്നിരിക്കുകയാണ്. ഒരു കന്യാസ്ത്രീയുടെ കാരുണ്യം കുടുംബത്തിന് ആശ്വാസ തണലായി മാറിയിരിക്കുകയാണ്. അര്‍ബുദം ബാധിച്ച് അമ്മ സിസിലി ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണു മകന് വൃക്ക ലഭിക്കാനുള്ള വഴിയും ഒരുങ്ങിയത്.

ഇവരെ കാണാനെത്തിയ അയല്‍ക്കാരിയായ കന്യാസ്ത്രീ വഴിയാണു വൃക്ക നല്‍കാന്‍ സന്നദ്ധയായ സിഎംസി സഭാംഗമായ സിസ്റ്റര്‍ ലിസ്ലെറ്റ് കല്ലേലിയെ കുറിച്ചു അറിഞ്ഞത്. തുടര്‍ന്നു നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കുകയായിരിന്നു. ഇക്കഴിഞ്ഞ നവംബര്‍ 12ന് എറണാകുളം ലിസി ആശുപത്രിയില്‍വച്ച് കന്യാസ്ത്രീ തന്റെ വൃക്ക സിജോയ്ക്ക് പകുത്തു നല്‍കി. സിജോയും സിസ്റ്ററും ശസ്ത്രക്രിയയ്ക്കുശേഷം സുഖമായിരിക്കുകയാണ്. പുതുജീവിതം ആരംഭിക്കുവാന്‍ സിജോ ഒരുങ്ങുമ്പോള്‍ യേശു പഠിപ്പിച്ച കാരുണ്യത്തിന്റെ പാഠം സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതിന്റെ സന്തോഷത്തിലാണ് വേലുപ്പാടം സെന്റ് പയസ് യുപി സ്‌കൂളിലെ പ്രഥമാധ്യാപിക കൂടിയായ സിസ്റ്റര്‍ ലിസ്ലെറ്റ് കല്ലേലി.

More Archives >>

Page 1 of 5