Life In Christ - 2025

ക്രൈസ്തവ വിശ്വാസം പങ്കുവെക്കുമ്പോള്‍ ആത്മാവ് നിറയുന്നു; വീണ്ടും ക്രിസ് പ്രാറ്റിന്റെ ഏറ്റുപറച്ചില്‍

സ്വന്തം ലേഖകന്‍ 21-09-2018 - Friday

ന്യൂയോര്‍ക്ക്: ക്രൈസ്തവ വിശ്വാസം പങ്കുവെക്കുമ്പോള്‍ തന്റെ ആത്മാവ് പൂര്‍ണ്ണമായും നിറയുകയാണെന്ന വാക്കുകളുമായി ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റിന്റെ വിശ്വാസ സാക്ഷ്യം വീണ്ടും. അമേരിക്കന്‍ സിനിമാവ്യവസായം ക്രൈസ്തവ വിശ്വാസത്തിനോ, മറ്റേതെങ്കിലും മതത്തിനോ എതിരല്ലെന്നും അത്തരം വാര്‍ത്തകള്‍ വെറും കിംവദന്തി മാത്രമാണെന്നും അസോസിയേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ പ്രാറ്റ് പറഞ്ഞു. തന്റെ ക്രിസ്ത്യന്‍ വിശ്വാസം പ്രചരിപ്പിക്കുന്നതില്‍ തന്റെ മുഖത്ത് നോക്കി ഇതുവരെ ഹോളിവുഡിലെ ആരും തന്നെ പരിഹസിക്കുവാനോ, അപമാനിക്കുവാനോ മുതിര്‍ന്നിട്ടില്ലെന്നാണ് പ്രാറ്റ് പറയുന്നത്.

ഒരുപക്ഷേ താന്‍ കാണാതെ അങ്ങനെ ചെയ്യുന്നവരുണ്ടായേക്കാം. എന്നാല്‍ താന്‍ അതൊന്നും കണക്കിലെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല ക്രിസ് പ്രാറ്റ് തന്റെ ക്രൈസ്തവ വിശ്വാസം തുറന്നു പറയുന്നത്. സമീപകാലത്ത് നടന്ന എം‌ടി‌വി അവാര്‍ഡ് വേദിയില്‍ താരം തന്റെ ക്രിസ്ത്യന്‍ വിശ്വാസത്തെക്കുറിച്ചും, ദൈവത്തോടുള്ള തന്റെ സ്നേഹത്തെക്കുറിച്ചും വെളിപ്പെടുത്തിയത് മാധ്യമശ്രദ്ധ നേടിയിരുന്നു. ദൈവം യാഥാര്‍ത്ഥ്യമാണെന്നും അവിടുന്നു നമ്മേ ഓരോരുത്തരേയും സ്നേഹിക്കുന്നുവെന്നുമാണു പ്രാറ്റ് പറഞ്ഞത്. പ്രാര്‍ത്ഥന ആത്മാവിന്റെ പോഷണത്തിന് നല്ലതെന്നു പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

ലോകത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ടാണ് താന്‍ തന്റെ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുവാന്‍ തീരുമാനിച്ചതെന്നാണ് പ്രാറ്റ് പറയുന്നു. “ഇതിനുവേണ്ടിയാണ് ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്, അതും ഇപ്പോള്‍ തന്നെ”. ഒരു കുട്ടിയെ പ്രാര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിക്കുന്നതില്‍ കൂടുതലായി മറ്റൊന്നും തന്റെ ആത്മാവിനെ തൃപ്തിപ്പെടുത്താറില്ലെന്നും പ്രാറ്റ് കൂട്ടിച്ചേര്‍ത്തു. ‘ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്സി’, ‘ജുറാസിക് വേള്‍ഡ് തുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ സിനിമകളിലെ അഭിനയമാണ് ക്രിസ് പ്രാറ്റിനെ ആഗോള തലത്തില്‍ തന്നെ പ്രശസ്തനാക്കിയത്.

More Archives >>

Page 1 of 4