News - 2024
കര്‍ദ്ദിനാള്‍ റൊസാരിയോ കൊല്‍ക്കത്തയിലെ രോഗി ദിനാഘോഷത്തിലെ പാപ്പയുടെ പ്രത്യേക പ്രതിനിധി
സ്വന്തം ലേഖകന്‍ 13-12-2018 - Thursday
കൊല്‍ക്കത്ത/ വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ഫെബ്രുവരി 9-11 തിയതികളിലായി കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന 27-മത് ആഗോള രോഗി ദിനാഘോഷത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധിയായി ബംഗ്ലാദേശി കര്‍ദ്ദിനാളായ പാട്രിക് ഡി’റൊസാരിയോ നിയമിതനായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2016-ല്‍ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാളായി ഉയര്‍ത്തിയതോടെയാണ് ധാക്കയിലെ മെത്രാപ്പോലീത്തയായ ഡി’റൊസാരിയോ ബംഗ്ലാദേശിലെ ആദ്യ കര്‍ദ്ദിനാളായി മാറിയത്.
ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ നിന്നും കര്‍ദ്ദിനാളായ ആദ്യ വ്യക്തിയാണ് എഴുപത്തിയഞ്ചുകാരനായ പാട്രിക് ഡി’റൊസാരിയോ മെത്രാപ്പോലീത്ത. ലൂര്‍ദ്ദ് മാതാവിന്റെ മാധ്യസ്ഥതയാല്‍ നിരവധി രോഗികള്‍ക്ക് സൗഖ്യം ലഭിച്ചതിന്റെ സ്മരണാര്‍ത്ഥവും, ലോകമെങ്ങുമുള്ള രോഗികളെയും, രോഗീ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും പ്രാര്‍ത്ഥനയിലൂടെ പ്രത്യേകം ഓര്‍മ്മിക്കുവാനുമായി 1992 മെയ് 13-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഓരോ വര്‍ഷത്തിലെയും ഫെബ്രുവരി 11 ആഗോള രോഗീ ദിനമായി പ്രഖ്യാപിച്ചത്. 1993-ല്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ വെച്ചായിരുന്നു ആദ്യ ആഗോള രോഗീ ദിനം ആഘോഷിച്ചത്.
ആഗോള ദിനാഘോഷത്തോടനുബന്ധിച്ച് പാപ്പായുടെ പ്രത്യേക സന്ദേശം പുറത്തിറങ്ങുക പതിവാണ്. 1929-ല്‍ ഒരു മിഷ്ണറിയായി എത്തി രോഗികളുടെയും, പാവങ്ങളുടെയും, അനാഥരുടേയും കണ്ണിലുണ്ണിയായി വിശുദ്ധ മദര്‍ തെരേസയുടെ പ്രേഷിത മണ്ഡലമായ കൊല്‍ക്കത്ത ആഗോള രോഗികളുടെ ദിനാഘോഷത്തിന് ഏറ്റവും അനുയോജ്യമായ വേദിയായാണ് ഏവരും വിലയിരുത്തുന്നത്.