News - 2024

വിശുദ്ധ മദര്‍ തെരേസയുടെ ജന്മദേശം ഫ്രാൻസിസ് പാപ്പ സന്ദര്‍ശിക്കും

സ്വന്തം ലേഖകന്‍ 16-12-2018 - Sunday

വത്തിക്കാന്‍ സിറ്റി: അപ്പസ്തോലിക സന്ദര്‍ശനങ്ങളുടെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ, വിശുദ്ധ മദര്‍ തെരേസ ജനിച്ചു വളർന്ന മാസിഡോണിയയിലെ സ്കോപ്ജേ നഗരം അടുത്ത വർഷം സന്ദര്‍ശിക്കും. സന്ദർശനത്തിൽ സ്ഥലത്തു ജനിച്ചു വളര്‍ന്നു ആയിരങ്ങൾക്ക് പുതുജീവിതം ഒരുക്കിയ വിശുദ്ധയ്ക്കു കൃതജ്ഞതയും ആദരവും അര്‍പ്പിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു. ഇക്കഴിഞ്ഞ 13-നാണ് ഇതു സംബന്ധിച്ച് വത്തിക്കാന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്.

2019 മെയ് 5 മുതല്‍ 7 വരെയുള്ള പാപ്പായുടെ ബള്‍ഗേറിയന്‍ സന്ദര്‍ശനത്തിനിടയില്‍, സോഫിയ, റാകോവ്സ്കി തുടങ്ങിയ ബള്‍ഗേറിയന്‍ നഗരങ്ങള്‍ പാപ്പാ സന്ദര്‍ശിക്കുമെന്നും, മടക്ക യാത്രയിൽ വിശുദ്ധ മദര്‍ തെരേസയുടെ ജന്മദേശമായ മുന്‍ യൂഗോസ്ലാവ് റിപ്പബ്ലിക്കായ മാസിഡോണിയയിലെ സ്കൊപ്ജെ നഗരം സന്ദര്‍ശിച്ച് വിശുദ്ധക്ക് ആദരം അര്‍പ്പിക്കുമെന്നും വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നു. മെയ് 7-നാണ് പാപ്പാ സ്കോപ്ജെയിലെത്തുന്നത്. പാപ്പായുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ യഥാസമയം പുറത്തുവിടുന്നതായിരിക്കുമെന്നും വത്തിക്കാന്‍ അറിയിപ്പിലുണ്ട്.

വെറും 21 ലക്ഷം ജനസംഖ്യയുള്ള ചെറിയ ബാള്‍ക്കന്‍ രാജ്യമായ മാസിഡോണിയിലെ സ്കോപ്ജേയില്‍ 1910-ലാണ് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നറിയപ്പെടുന്ന മദര്‍ തെരേസ ജനിക്കുന്നത്. ആഗ്നസ് ഗോണ്‍സെ ബോജാക്സ്യു എന്നായിരുന്നു യഥാര്‍ത്ഥ നാമം. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കല്‍ക്കത്തയിലെ ചേരിപ്രദേശങ്ങളിലെ പാവങ്ങള്‍ക്കിടയിലാണ് മദര്‍ ചിലവഴിച്ചത്. 1997-ല്‍ കൊല്‍ക്കത്തയില്‍ വെച്ചാണ് മദര്‍ മരണമടഞ്ഞത്.

അതേസമയം ഈ മാസം 82 വയസ്സ് തികയുന്ന ഫ്രാന്‍സിസ് പാപ്പായെ വളരെ തിരക്കേറിയ സന്ദര്‍ശന പരിപാടികളാണ് കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ആരംഭത്തില്‍ ഫ്രാന്‍സിസ് പാപ്പാ പനാമ, മൊറോക്കോ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കാര്യം വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ 2019-ല്‍ തന്നെ മഡഗാസ്കറും, ജപ്പാനും സന്ദര്‍ശിക്കുന്ന കാര്യവും പാപ്പായുടെ പരിഗണനയിലുണ്ട്.


Related Articles »