Life In Christ - 2025

വധഭീഷണികള്‍ക്ക് ഇടയിലും ക്രിസ്തുവില്‍ പതറാതെ ആഫ്രിക്കന്‍ വൈദികര്‍

സ്വന്തം ലേഖകന്‍ 20-12-2018 - Thursday

ബാംഗുയി: ശത്രുക്കളെ ഭയന്ന് ഓടി പോകാൻ തങ്ങള്‍ ഭീരുക്കളല്ലെന്ന് പ്രഖ്യാപിച്ച് സെന്ററൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ പൗരോഹിത്യ സമൂഹം. വിദേശ ഇടപെടലുകളും അന്താരാഷ്ട്ര സമൂഹത്തിന്റെ അപൂർണ വാഗ്ദാനങ്ങളും പ്രദേശിക ഭരണകൂടത്തിന്റെ അപര്യാപ്തതയും സെന്ററൽ ആഫ്രിക്കയിലെ ജീവിതം ദുരിതപൂർണമാക്കുന്നുണ്ട്. ഇത് സങ്കീര്‍ണ്ണ പ്രശ്നമാണെങ്കിലും വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയാറായ വൈദികരാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്ന്‍ ബാംഗുയിയിലെ കാര്‍മ്മലൈറ്റ് മിഷ്ണറി വൈദികനായ ഫാ. ഫെഡെറിക്കോ ട്രിന്‍ചെറോ അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു.

നവംബർ പതിനഞ്ചിന് അലിൻണ്ടാവോയിൽ നടന്ന കൂട്ടക്കുരുതിയെ ഉദ്ധരിച്ച അദ്ദേഹം യുഎൻ നിസ്സംഗതയ്ക്ക് മുന്നിൽ നടന്ന കൊലപാതകത്തിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കൊപ്പം വൈദികരായ ഫാ.സെലസ്റ്റിൻ, ഫാ.ബ്ലയ്സ് എന്നിവരും കൊല്ലപ്പെട്ടതായി പറഞ്ഞു. അലിൻണ്ടാവോ ബിഷപ്പ് മോൺ.സിർ സ്റ്റൈർ യപോവയുടെ ധീരമായ സമയോചിത ഇടപെടലാണ് മരണസംഖ്യ കുറയാൻ ഇടയാക്കിയത്. കത്തീഡ്രലിൽ അഭയം തേടിയവരെ സവന്നയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിക്കുക വഴി അവരെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

തങ്ങളുടെ മുന്നിൽ വച്ച് വധിക്കപ്പെട്ട രണ്ട് വൈദികരുടെ മരണം ഇനിയും ഉൾകൊള്ളാൻ സഹപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. സെന്ററൽ ആഫ്രിക്കയിലെ യുവജനങ്ങളിലെ ചിലര്‍ പൗരോഹിത്യം സ്വീകരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഫാ. ഫെഡെറിക്കോ പറയുന്നു. അക്രമം നേരിട്ടു കണ്ട ചില യുവജനങ്ങള്‍ സെമിനാരിയിൽ പ്രവേശിച്ചിട്ടുണ്ട്. വൈദികര്‍ എന്ന തീരുമാനത്തിൽ നിന്നും പിൻതിരിയില്ലെന്നും അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 2018 ൽ മാത്രം അഞ്ച് വൈദികരും നിരവധി വിശ്വാസികളുമാണ് സെന്ററൽ ആഫ്രിക്കയില്‍ കൊല്ലപ്പെട്ടത്. എന്നിരുന്നാലും പ്രതിസന്ധികൾക്കിടയിൽ ശത്രുക്കളെ ഭയക്കാതെ രാജ്യത്തു കത്തോലിക്ക സഭ വളരുകയാണ്.


Related Articles »