Purgatory to Heaven. - March 2024

ദിവ്യബലിയര്‍പ്പിക്കേണ്ടത്, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയോ അതോ മരിച്ചവര്‍ക്ക് വേണ്ടിയോ?

സ്വന്തം ലേഖകന്‍ 14-03-2024 - Thursday

“രാപകല്‍ കണ്ണീര്‍ എന്റെ ഭക്ഷണമായി; എവിടെ നിന്റെ ദൈവം എന്ന്ഓരോരുത്തര്‍ നിരന്തരംഎന്നോടു ചോദിച്ചു" (സങ്കീര്‍ത്തനങ്ങള്‍ 42:3).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-14

ഡൊമിനിക്കന്‍ സന്യാസസമൂഹത്തിലെ രണ്ടു സന്യാസിമാരേക്കുറിച്ചൊരു കഥയുണ്ട്. മരിച്ചവര്‍ക്ക് വേണ്ടിയാണോ അതോ ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയാണോ കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതെന്നതിനെ കുറിച്ച് അവരുടെ ഇടയില്‍ ഒരു അഭിപ്രായ വ്യതാസമുണ്ടായിരുന്നു. ആദ്യത്തെയാള്‍ വാദിച്ചു. “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌, തങ്ങള്‍ക്ക്‌ തീര്‍ച്ചയായും മോക്ഷം ലഭിക്കുമെന്നുറപ്പുണ്ട്, എന്നാല്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന പാപികളായ മനുഷ്യര്‍ വീണ്ടും പാപം ചെയ്ത് നരകത്തിലേക്ക് പതിക്കുമെന്ന ഭീഷണിയിലാണ് കഴിയുന്നത്”.

രണ്ടാമന്‍ തലകുലുക്കികൊണ്ട് ചൂണ്ടികാണിച്ചു, “നീ രണ്ട് ഭിക്ഷക്കാരെ കണ്ടു മുട്ടി എന്ന് കരുതുക, അതിലൊരാള്‍ രോഗിയും, അംഗവൈകല്യമുള്ളവനും, നിസ്സഹായനും, പൂര്‍ണ്ണമായും തന്റെ ജീവിതമാര്‍ഗ്ഗം കണ്ടെത്തുവാന്‍ ശേഷിയില്ലാത്തവനുമാണ്, എന്നാല്‍ രണ്ടാമനാകട്ടെ വളരെ ദുരിതത്തിലാണെങ്കില്‍പോലും യുവാവും, ആരോഗ്യമുള്ളവനുമാണ്. ഇവരില്‍ ആരാണ് നിന്റെ ദയയുടെ കൂടുതല്‍ ഭാഗം അര്‍ഹിക്കുന്നത്?

“തീര്‍ച്ചയായും ജോലി ചെയ്യുവാന്‍ കഴിവില്ലാത്തവന്‍” പെട്ടെന്നായിരുന്നു മറുപടി. അപ്പോള്‍ രണ്ടാമത്തെ സന്യാസി തുടര്‍ന്നു, “ഇതുപോലെതന്നെയാണ് ഭൂമിയിലെ പാപികളുടെയും, ശുദ്ധീകരണസ്ഥലത്തെ വിശുദ്ധ ആത്മാക്കളുടേയും കാര്യം. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ ഇനിയൊരിക്കലും സ്വയം സഹായിക്കുവാന്‍ കഴിയുകയില്ല. പ്രാര്‍ത്ഥനയുടേയും, കുമ്പസാരത്തിന്റേയും, നന്മപ്രവര്‍ത്തിളുടേയും സമയം അവരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോയി. നമുക്ക്‌ മാത്രമാണ് ഇനി അവരെ സഹായിക്കുവാന്‍ കഴിയുക".

അദ്ദേഹം ഉപസംഹരിച്ചു: “നമുക്ക്‌ ഭൂമിയിലെ പാപികളെക്കുറിച്ചോര്‍ത്തു അനുകമ്പയുള്ളവരായിരിക്കാം, എന്നാല്‍ മോക്ഷപ്രാപ്തിക്ക് ആവശ്യമായവയെല്ലാം അവര്‍ക്ക്‌ ലഭ്യമാണ്. അതിനായി അവര്‍ പാപത്തിന്റെ ബന്ധനം തകര്‍ക്കേണ്ടിയിരിക്കുന്നു. ഇതില്‍ നിന്നും ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കളാണ് നമ്മുടെ കാരുണ്യത്തിന്റെ ഭൂരിഭാഗവും അര്‍ഹിക്കുന്നവര്‍ എന്ന് തെളിവാകുന്നില്ലേ?” ആദ്യത്തെ പുരോഹിതന് ഇത് സമ്മതിക്കേണ്ടതായി വന്നു.

വിചിന്തനം: നിങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ ഏറ്റവും ഉപേക്ഷിക്കപ്പെട്ട ആത്മാക്കള്‍ സമക്ഷം ഏല്‍പ്പിക്കുക. അവര്‍ വളരെ ശക്തിയുള്ളവരാണ്.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »