News - 2024

കറുത്ത നസ്രായന്റെ തിരുനാളില്‍ പങ്കെടുക്കുവാന്‍ 2.1 കോടി ഫിലിപ്പീന്‍സ് ജനത

സ്വന്തം ലേഖകന്‍ 07-01-2019 - Monday

മനില: മനിലയിലെ ക്രൈസ്തവരുടെ ആത്മീയ മൂലധനം എന്ന് വിശേഷിപ്പിക്കാവുന്ന ക്വിയാപ്പോ ദേവാലയത്തിലെ കറുത്ത നസ്രായന്റെ പ്രസിദ്ധമായ തിരുനാളില്‍ 2.1 കോടിയോളം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് കണക്കുകൂട്ടല്‍. സര്‍ക്കാര്‍ കണക്കുകളെ ഉദ്ധരിച്ച് ഫിലിപ്പീന്‍സിലെ സഭാ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വരുന്ന ജനുവരി 9-നാണ് മനിലയിലെ കറുത്ത നസ്രായന്റെ തിരുനാള്‍. തിരുനാള്‍ ദിവസം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ശക്തിയുണ്ടെന്നു ഫിലിപ്പീന്‍സ് ജനത വിശ്വസിക്കുന്ന കറുത്ത നസ്രായന്‍ ക്രിസ്തുരൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തില്‍ മാത്രം ഏറ്റവും കുറഞ്ഞത് 50 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരുനാളിനെ കുറിച്ചുള്ള പ്രവാചക ശബ്ദത്തിന്റെ വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു

നഗ്നപാദരായിട്ടാണ് വിശ്വാസികള്‍ ഈ പ്രദിക്ഷിണത്തില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷത്തെ പ്രദക്ഷിണം 22 മണിക്കൂര്‍ കൊണ്ടാണ് അവസാനിച്ചത്. ഫിലിപ്പീന്‍സിലെ ക്രിസ്ത്യാനികളുടെ അചഞ്ചലമായ ഭക്തിയുടെ അടിസ്ഥാനം എന്ന് ഇന്നസന്റ് പത്താമന്‍ പാപ്പ വിശേഷിപ്പിച്ചിരിക്കുന്ന കുരിശേന്തിയ ക്രിസ്തുവിന്റെ തടിയില്‍ തീര്‍ത്തിരിക്കുന്ന ശില്‍പ്പമാണ് കറുത്ത നസ്രായന്‍. ഏറെ അത്ഭുതങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു നടന്നതിനെ തുടര്‍ന്നു നാനാജാതി മതസ്ഥര്‍ എത്തുന്ന കേന്ദ്രമായി ക്വിയാപ്പോ മാറുകയായിരിന്നു.

ഡിസംബര്‍ 31-ന് തന്നെ തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിച്ചുവെന്നു ക്വിയാപ്പോയിലെ ബസലിക്കാ പള്ളിയിലെ പാറോക്കിയല്‍ വികാരിയായ ഫാ. ഡാനിച്ചി ഹൂയി പറഞ്ഞു. ഗവണ്‍മെന്റിന്റെ കണക്കുകളെ ഉദ്ധരിച്ചു കഴിഞ്ഞ വര്‍ഷം 2.1 കോടിയോളം വിശ്വാസികള്‍ തിരുനാളില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം അതിലും കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിരുനാള്‍ പ്രദിക്ഷിണം നിയന്ത്രിക്കുവാന്‍ മാത്രം 7,100 പോലീസുകാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ വാര്‍ഷിക പരിപാടിയായ കറുത്ത നസ്രായന്റെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് സൈന്യത്തിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.


Related Articles »