News - 2024

ഗര്‍ഭഛിദ്രത്തിനെതിരെയുള്ള ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ക്ക് ദണ്ഡവിമോചനം

സ്വന്തം ലേഖകന്‍ 15-01-2019 - Tuesday

വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം എന്ന മാരക തിന്മയ്ക്കെതിരെ അമേരിക്കയില്‍ നടക്കുന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’നു മുന്നോടിയായി ദേശീയ വാര്‍ഷിക ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ചു. ജനുവരി 17, 18 തിയതികളില്‍ വാഷിംഗ്‌ടണ്‍ ഡി.സി യില്‍ വെച്ച് നടക്കുന്ന അബോര്‍ഷനെതിരെയുള്ള ദേശീയ വാര്‍ഷിക ജാഗരണ പ്രാര്‍ത്ഥനയിലും അതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളിലും പങ്കെടുക്കുന്നവര്‍ക്കു ദണ്ഡവിമോചനം സാധ്യമാണെന്ന് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്.

യുഎസ് മെത്രാന്‍ സമിതിയിലെ പ്രോലൈഫ് കമ്മ്യൂണിക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കാറ്റ് തലാലാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിഷ്കളങ്ക ജീവനുകളെ ഇല്ലാതാക്കുന്നത് തടയുന്നതിന് വേണ്ടിയുള്ള ദേശീയ ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ക്ക്, പതിവ് വ്യവസ്ഥകള്‍ക്കനുസ്രതമായ ദണ്ഡവിമോചനം വത്തിക്കാന്‍ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി അനുവദിച്ചതായി അര്‍ലിംഗ്ടണ്‍ മെത്രാന്‍ മൈക്കേല്‍ ബര്‍ബിഡ്ജ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുക്കുവാന്‍ കഴിയാത്ത പ്രായമായവര്‍ക്കും. രോഗികള്‍ക്കും വീട്ടിലിരുന്നു കൊണ്ട് തങ്ങളുടെ പ്രാര്‍ത്ഥനയും, അനുതാപവും ദൈവത്തിനു സമര്‍പ്പിക്കുക വഴി ദണ്ഡവിമോചനം നേടാമെന്നും പ്രസ്താവനയിലുണ്ട്.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു.

ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വാഷിംഗ്‌ടണ്‍ ഡി.സി യിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസലിക്കയില്‍ വെച്ചാണ് ജാഗരണ പ്രാര്‍ത്ഥന നടക്കുക. ഏതാണ്ട് ഇരുപതിനായിരത്തോളം പേര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ മെത്രാന്‍ സമിതിയിലെ പ്രോലൈഫ് കമ്മിറ്റി ചെയര്‍മാനും കാന്‍സാസ് സിറ്റി മെത്രാപ്പോലീത്തയുമായ ജോസഫ് നൗമാന്റെ മ്യുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെയാണ് ജാഗരണ പ്രാര്‍ത്ഥന ആരംഭിക്കുക. കുമ്പസ്സാരം, ബൈസന്റൈന്‍ ശൈലിയിലുള്ള ജാഗരണ പ്രാര്‍ത്ഥന, ജപമാല, സെമിനാരി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥന തുടങ്ങിയവ പരിപാടിയുടെ ഭാഗമാണ്.

More Archives >>

Page 1 of 406