News - 2024

ബംഗ്ലാദേശിലെ ചേരി പ്രദേശങ്ങളില്‍ ക്രിസ്തുവിനെ പകര്‍ന്ന് അല്‍മായ സഹോദരികള്‍

സ്വന്തം ലേഖകന്‍ 15-01-2019 - Tuesday

ധാക്ക: ഇസ്ലാം മത വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന ചേരികളിലെ ജനങ്ങൾക്കിടയിൽ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും കത്തോലിക്ക മൂല്യങ്ങൾ പഠിപ്പിക്കാനും പ്രാർത്ഥിക്കാനും ജീവിതം മാറ്റി വച്ചിരിക്കുന്ന അല്‍മായ സഹോദരിമാർ ബംഗ്ലാദേശിലെ മിഷ്ണറി പ്രവർത്തനത്തിന് ഊര്‍ജ്ജം പകരുന്നു. ക്രൈസ്തവ മൂല്യങ്ങൾ പ്രഘോഷിക്കുന്ന ഇവര്‍ ഹോളി ക്രോസ് മിഷ്ണറിയായ ഫാ.ഫ്രാങ്ക് ജെ.ക്വിനിലവൻ സ്ഥാപിച്ച കത്തോലിക്ക അല്‍മായ സംഘടനയിലെ അംഗങ്ങളാണ്. സന്യസ്ത സമൂഹത്തിന്റെ വസ്ത്രധാരണ രീതി ബാധകമല്ലെങ്കിലും ധാക്ക അതിരൂപത അനുവദിച്ച ഭവനത്തിലാണ് സഹോദരിമാർ താമസിക്കുന്നത്.

എഴുപത്തിയാറുകാരിയായ ശോഭിത ഗോമസാണ് സംഘത്തിന് നേതൃത്വം വഹിക്കുന്നത്. ചേരിയിലെ കുട്ടികൾക്കായി വിദ്യാലയം നടത്തുന്ന അവർ സന്യാസജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ മേലുള്ള ദൈവിക പദ്ധതി അല്‍മായ പ്രേഷിതത്വമാണെന്ന് ഇന്ന് തിരിച്ചറിഞ്ഞു ഇന്നു ശുശ്രൂഷ തുടരുകയാണ്. നിരവധി സാധാരണക്കാര്‍ക്ക് സേവനം നല്‍കാനും അനേകം ആത്മാക്കളുടെ രക്ഷ സ്വന്തമാക്കാനും അവര്‍ക്ക് സാധിച്ചു. ജോലിയോടൊപ്പം മിഷ്ണറി പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്നതിന്റെ സന്തോഷവും അവർ പങ്കുവെച്ചു.

എഴുപതുകാരിയായ ആശ റൊസാരിയോയും മിഷ്ണറി പ്രവർത്തനങ്ങളെ ഏറെ ആഹ്ലാദത്തോടെയാണ് നോക്കി കാണുന്നത്. ശുശ്രൂഷകള്‍ക്ക് പുറമേ, കത്തോലിക്ക വിദ്യാർത്ഥികൾക്ക് വേദപാഠം പഠിപ്പിച്ചും തെജഗോൺ ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കും കുമ്പസാരത്തിനും സൌകര്യം ഒരുക്കിയും ആശ റൊസാരിയോ സേവനമനുഷ്ഠിക്കുന്നു. ഭാവിയെക്കുറിച്ച് മികച്ച പദ്ധതികളുമായാണ് സംഘം മുന്നേറുന്നത്. മുസ്ലിം വിദ്യാലയങ്ങളിൽ പഠിക്കുന്ന കത്തോലിക്ക വിദ്യാർത്ഥികൾക്കും ക്രൈസ്തവ പഠനം സജ്ജമാക്കണമെന്ന ആഗ്രഹം ശോഭിത പങ്കുവെച്ചു. വിശ്വാസ പരിശീലനം സ്കൂളുകളിൽ അപര്യാപ്തമാണെന്ന മാതാപിതാക്കളുടെ അപേക്ഷയെ തുടർന്നാണിതെന്നും അവർ കൂട്ടിച്ചേർത്തു.

More Archives >>

Page 1 of 406