News

ക്രൈസ്തവ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരന്‍ മൊസൂള്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റു

സ്വന്തം ലേഖകന്‍ 26-01-2019 - Saturday

മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് ആധിപത്യത്തിന്റെ കാലത്ത് ക്രൈസ്തവ പാരമ്പര്യത്തെ കുറിച്ചുള്ള അമൂല്യ ശേഷിപ്പുകള്‍ സംരക്ഷിക്കുവാന്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ കല്‍ദായ കത്തോലിക്കാ വൈദികന്‍ നജീബ് മിഖായേല്‍ മൊസൂള്‍ രൂപതയുടെ ആര്‍ച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. ഇന്നലെ മൊസൂള്‍ സെന്റ് പോള്‍സ് പള്ളിയില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ സഭാ നേതാക്കളും അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരിന്നു. മൊസൂളിലെ ക്രൈസ്തവര്‍ക്ക് സദാപിന്തുണയുണ്ടെന്നു വ്യക്തമാക്കിയാണ് ഇറാഖിന് പുറത്തു നിന്നുള്ള ബിഷപ്പുമാരും സ്ഥാനാരോഹണത്തിനു എത്തിയതെന്നു പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാകോ പറഞ്ഞു.

മൊസൂളില്‍ ജനിച്ച ഫാദര്‍ മൌസ്സാ ഓയില്‍ മേഖലയില്‍ ജോലി നോക്കുന്നതിനിടെയാണ് ക്രൈസ്തവ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെട്ട് സെമിനാരിയില്‍ ചേര്‍ന്നത്. 1987-ല്‍ ഡൊമിനിക്കന്‍ പുരോഹിതനായി. ഇറാഖില്‍ ഐ‌എസ് ആധിപത്യം നടക്കുന്ന സമയത്ത് രാജ്യത്തിന്റെ ക്രൈസ്തവ പാരമ്പര്യത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കുന്ന 850 കൈയെഴുത്തുപ്രതികളും അന്പതിനായിരത്തിലധികം ബുക്കുകളും കത്തുകളും സംരക്ഷിക്കുവാന്‍ നിര്‍ണ്ണായക ഇടപെടലാണ് മോണ്‍. നജീബ് മിഖായേല്‍ നടത്തിയത്. യേശു സംസാരിച്ച അറമായ ഭാഷയിലുള്ള പുരാതന രേഖകളും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരിന്നു. ഇറാഖിനെ കുരുതി കളമാക്കി എല്ലാം പ്രദേശങ്ങളും തങ്ങളുടെ കീഴിലാക്കിയ ഐഎസ് മൊസൂളിനെ തങ്ങളുടെ തലസ്ഥാനമാക്കി മാറ്റിയിരിന്നു. നിരവധി ദേവാലയങ്ങളാണ് ഇക്കാലയളവില്‍ അവിടെ നശിപ്പിക്കപ്പെട്ടത്.

രേഖകളും അമൂല്യ കൈയെഴുത്ത് പ്രതികളുമായി ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായിരുന്ന ഖ്വാരഖോഷിലേക്കു മാറ്റിയെങ്കിലും അവിടെയും ഐഎസ് ഭീകരര്‍ പിടിമുറുക്കുകയായിരിന്നു. പിന്നീട് അമൂല്യ സൂക്ഷിപ്പുകളുമായി അദ്ദേഹം കുര്‍ദിഷ് മേഖലയിലെ ഇര്‍ബിലിലേക്കു മാറി. ഇവിടെ നിന്നു മുസ്ലിം സുഹൃത്തുക്കളുടെ സഹായത്തോടെ രേഖകള്‍ ഡിജിറ്റിലൈസ് ചെയ്തു. 2017ല്‍ ഐഎസിനെ സൈന്യം തുരത്തിയതിനു പിന്നാലെ ഫാ. മിഖായേല്‍ മടങ്ങിയെത്തി. മൌസ്സാ മൊസൂളിലെ ഔര്‍ ലേഡി ഓഫ് ഹൌര്‍ ദേവാലയത്തിന്റെ ഉത്തരവാദിത്വം വഹിച്ചുവരികെയാണ് പുതിയ ദൌത്യം ലഭിച്ചിരിക്കുന്നത്. പലായനം ചെയ്ത ക്രൈസ്തവരെ മടക്കിക്കൊണ്ടു വരുന്നതും അവരുടെ പുനരധിവാസവും അടക്കം വലിയ ഉത്തരവാദിത്വമാണ് ആര്‍ച്ച് ബിഷപ്പ് നജീബ് മിഖായേലിനു ഇനിയുള്ളത്.

More Archives >>

Page 1 of 409