News - 2024

ഭ്രൂണഹത്യയ്ക്കായി നിലകൊണ്ട ഐറിഷ് പാര്‍ലമെന്‍റംഗത്തിന് വിശുദ്ധ കുർബാന നിഷേധിച്ചു

സ്വന്തം ലേഖകന്‍ 30-01-2019 - Wednesday

ഡബ്ലിന്‍: അയർലണ്ടിൽ ഭ്രൂണഹത്യ എന്ന മാരക പാപം നിയമവിധേയമാക്കുന്നതിനു അനുകൂലമായി വോട്ടുചെയ്ത നിയമനിർമ്മാണ സഭാംഗത്തിന് വിശുദ്ധ കുര്‍ബാന നിഷേധിച്ച് ഐറിഷ് വൈദികന്‍. ലോങ്ങ്ഫോർഡ് - വേസ്റ്റ്മീത്ത് മണ്ഡലത്തിൽ നിന്നുള്ള നിയമനിർമ്മാണ സഭാംഗമായ റോബർട്ട് ട്രോയിക്കാണ് രാജ്യത്തെ മുഴുവന്‍ തിന്മയിലേക്ക് നയിക്കുന്ന മാരക പാപത്തിനെ പിന്തുണച്ചതിന് വിശുദ്ധ കുര്‍ബാന നിഷേധിച്ചത്. ജനുവരി നാലാം തീയതി മീയത്ത് രൂപതയിൽ ഒരു ശവസംസ്കാരം ശുശ്രൂഷയുടെ ഭാഗമായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവേയാണ് റോബർട്ട് ട്രോയിക്ക് വൈദികൻ വിശുദ്ധകുർബാന നൽകാൻ തയ്യാറാകാതിരുന്നത്.

ഡിസംബർ മാസം ഐറിഷ് പ്രസിദ്ധീകരണമായ ഹോട്ട് പ്രസ്സ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അയർലൻഡിൽ ഭ്രൂണഹത്യ നിയമവിരുദ്ധമാക്കി നിലനിർത്തിയ എട്ടാം ഭരണഘടനാഭേദഗതി റദ്ദു ചെയ്യാനായി താൻ വോട്ട്‌ ചെയ്തുവെന്ന് റോബർട്ട് ട്രോയി വെളിപ്പെടുത്തിയിരുന്നു. 2015 ൽ രാജ്യത്ത് സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കാൻ നടന്ന ശ്രമങ്ങൾക്ക് തന്റെ പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രസ്തുത അഭിമുഖത്തിൽ പറഞ്ഞിരുന്നു. നിർബന്ധബുദ്ധിയോടെ പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നാണ് കാനോൻ നിയമ സംഹിതയിലെ 915 നിയമം അനുശാസിക്കുന്നത്.

2004-ൽ മുന്‍ പാപ്പയായിരിന്ന ബനഡിക്റ്റ് പതിനാറാമന്‍ കര്‍ദ്ദിനാള്‍ പദവി വഹിക്കുന്ന സമയത്തു ബിഷപ്പുമാർക്കായി ഇറക്കിയ ഒരു കുറിപ്പിൽ, ഭ്രൂണഹത്യയെയും, അബോർഷനെയും നിരന്തരമായി പിന്തുണയ്ക്കുകയും, അപ്രകാരമുള്ള തിന്മകൾക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്യുന്ന കത്തോലിക്കാ രാഷ്ട്രീയക്കാരെ അവരുടെ ബിഷപ്പുമാർ നേരിൽ ചെന്ന് കാണണമെന്നും പിന്നീട് ആ പാപത്തിൽ തുടർന്നാൽ അവർക്ക് വിശുദ്ധ കുർബാന നൽകുകയില്ല എന്ന് മുന്നറിയിപ്പ് നൽകണമെന്നും പറഞ്ഞിരുന്നു.

വിശ്വാസ തിരുസംഘത്തിന്റെ രേഖ ചൂണ്ടിക്കാണിച്ചുകൊണ്ട് പിന്നീട് അപ്രകാരമുള്ള മാരക പാപത്തിൽ തുടരുകയും വിശുദ്ധകുർബാന സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാർക്ക് കുർബാന നിഷേധിക്കണമെന്നും കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ ബിഷപ്പുമാരോട് ആവശ്യപ്പെട്ടു. ഇതിനാൽ സഭയുടെ പ്രബോധനം പൂർണ്ണമായും അനുസരിച്ചാണ് ഐറിഷ് വൈദികൻ റോബർട്ട് ട്രോയിക്ക് വിശുദ്ധകുർബാന നിഷേധിച്ചതെന്ന്‍ വ്യക്തമാണ്.


Related Articles »