News - 2025
മക്കളിലൂടെ അപൂര്‍വ്വ ഭാഗ്യം: പാപ്പയെ പ്രത്യേകം കാണാനുള്ള ലിസ്റ്റില്‍ മലയാളി കുടുംബങ്ങളും
സ്വന്തം ലേഖകന്‍ 01-02-2019 - Friday
അബുദാബി: ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ മാർപാപ്പയെ പ്രത്യേകം കാണാൻ അവസരം ലഭിച്ചവരില്‍ മലയാളി കുടുംബങ്ങളും. പത്തനംതിട്ട സ്വദേശി ബൈജു വർഗീസിന്റെയും അബുദാബിയിൽ ഫിസിയോ തെറാപ്പിസ്റ്റായ ലിനു ബൈജുവിന്റെയും മകൻ സ്റ്റീവ് ബൈജുവാണ്, കുടുംബത്തിന് അപൂര്‍വ്വ അവസരം നല്‍കിയിരിക്കുന്നത്. സെറിബ്രൽ പാർസി ബാധിച്ച പത്തു വയസുകാരനായ കുഞ്ഞിനൊപ്പം ഇവര്‍ പാപ്പയെ കാണും. തങ്ങള്‍ക്ക് ലഭിച്ചതു മകനിലൂടെ കൈവന്ന ഭാഗ്യമാണെന്നു ഇരുവരും പറയുന്നു.
കാഞ്ഞിരപ്പള്ളി സ്വദേശി ആൻറണി ജോസഫിന്റെയും ഏറ്റുമാനൂർ സ്വദേശി ഡെയ്സിമോളുടെയും മകൻ റയാൻ ആന്റണിക്കും മാർപാപ്പയെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. ഓട്ടിസം ബാധിച്ച റയാനിലൂടെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കൈവന്നതെന്ന് ഇവർ പറയുന്നു. മൂന്നര വയസുവരെ സാധാരണ കുട്ടിയായിരുന്ന റയാൻ പിന്നീട് സംസാരിക്കാതായതോടെയാണ് രോഗത്തെക്കുറിച്ച് തിരിച്ചറിയുന്നത്.
ഫ്രാന്‍സിസ് പാപ്പ ബലിയര്‍പ്പിക്കുന്ന സയിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തില്‍ ചെന്നു മാർപാപ്പയെ കാണാൻ പറ്റാത്തവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പേർക്കാണു അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ അവസരം നൽകിയിരിക്കുന്നത്. വിവിധ ഇടവകകളിൽനിന്ന് നിർദേശിച്ച പേരുകൾ സൂക്ഷ്മ പരിശോധന നടത്തി അറേബ്യന്‍ വികാരിയാത്ത് അർഹരായവരെ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് രാവിലെ 9.15നാണ് പാപ്പ അബുദാബി സെന്‍റ് ജോസഫ് കത്തീഡ്രലെത്തുക. പാപ്പയെ അടുത്തു കണ്ട് ആശീര്‍വ്വാദം ഏറ്റുവാങ്ങാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ് ഈ കുടുംബങ്ങള്‍.