News
മറക്കാനാകാത്ത നിമിഷം സമ്മാനിച്ച പാപ്പ അറേബ്യന്‍ മണ്ണില്‍ കാലു കുത്തുമ്പോള്‍
ബിജു കുന്നേല്‍ 03-02-2019 - Sunday
2017 ഏപ്രിൽ മാസത്തിൽ ഞങ്ങൾ റോമിലേക്ക് യാത്ര പുറപ്പെട്ടപ്പോൾ ഞങ്ങളുടെ ഉള്ളിൽ ഒറ്റ പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു- സ്നേഹപിതാവായ പരിശുദ്ധ പിതാവിനെ, വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പയെ ദൂരെനിന്നെങ്കിലും ഒരുനോക്കുകാണുവാൻ സാധിച്ചിരുന്നെങ്കിൽ. എന്റെ ജീവിത പങ്കാളിയായ റോസി യാത്രയിലുടനീളം കുട്ടികളായ ക്രിസിനും ക്യാതെറിനുമൊപ്പം ഉരുവിട്ടുകൊണ്ടിരുന്ന പ്രാർത്ഥനയും മറ്റൊന്നായിരുന്നില്ല.
ഞായറാഴ്ച വൈകിട്ടോടുകൂടി റോമിലെത്തിയ ഞങ്ങൾ നേരത്തെ ബുക്ക് ചെയ്ത പ്രകാരം വത്തിക്കാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിനോട് ഏറ്റവും അടുത്ത ഹോട്ടലിൽ താമസമാക്കി. ഞങ്ങളുടെ ഫാമിലി സുഹൃത്ത് കൂടിയായ ഫാ. അരുൺ കലമറ്റത്തിൽ തിങ്കളാഴ്ച തന്നെ "പേപ്പൽ ഓഡിയെൻസ്" എൻട്രി പാസ് തരപ്പെടുത്തിതന്നു. 09 മണിക്ക് ആരംഭിക്കുന്ന "പേപൽ ഓഡിയെൻസ്" കൂടാൻ ബുധനാഴ്ച വെളുപ്പിനെ നാലുമണിക്ക് എൻട്രി ഗേറ്റിലേക്ക് ചെല്ലുമ്പോൾ തന്നെ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള വിശ്വാസികളുടെ വലിയ ഒരു നീണ്ട നിര പ്രത്യക്ഷമായിരുന്നു.
പ്രതീക്ഷ കൈവിടാതെ അതിലൊരു ഭാഗമായപ്പോൾ പാപ്പായെ ഒരു നോക്കുകാണാൻ പോകുന്ന സന്തോഷത്തിൽ ഹൃദയം വിതുമ്പുന്നുണ്ടായിരുന്നു. നാലുമണിക്കൂറത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ എട്ടുമണിയോടുകൂടി “സെക്യൂരിറ്റി ചെക്ക് ഇൻ” കഴിഞ്ഞു വത്തിക്കാൻ സ്ക്വയറിലേക്കു പ്രവേശിച്ചപ്പോൾ സന്തോഷം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ഒരു വലിയ ജനസമുദ്രത്തിന്റെ കൂടെയാണ് നിൽക്കുന്നതെന്ന യാഥാർഥ്യം ഉള്ളിലുണ്ടെങ്കിലും ഞങ്ങളുടെ പ്രാർത്ഥന പാപ്പായെ ഒന്ന് തൊടാൻ സാധിച്ചിരുന്നെങ്കിൽ എന്നായി. അത്ഭുതം എന്ന് പറയട്ടെ - ദൈവം ഞങ്ങളുടെ ആഗ്രഹം സാധിച്ചുതന്നു.
പാപ്പാ ഓഡിയന്സിന്റെ ഇടയിലേക്കിറങ്ങിവന്നപ്പോൾ പാപ്പാ ഒന്ന് ശ്രദ്ധിക്കാനായി ഞാൻ ഞങ്ങളുടെ കുഞ്ഞു മാലാഖയെ 04 വയസുള്ള കുഞ്ഞു കാതറീനെ എന്റെ തലയുടെയും മുകളിലായീ ഉയരത്തിൽ പിടിച്ചു. "ഡിയർ പാപ്പാ" എന്നർത്ഥം വരുന്ന ഇറ്റാലിയൻ ഭാഷയിൽ "കാരോ പാപ്പാ" എന്ന് വിളിച്ചു കൂവിക്കൊണ്ടിരുന്നു. എന്നെ അത്ഭുതസ്തബ്ധനാക്കിക്കൊണ്ടു അതാ പാപ്പയുടെ വാഹനം എന്റെ മുന്നിൽ നിർത്തി - ഫ്രാൻസിസ് പാപ്പാ എന്റെ നേരെ കൈ നീട്ടി. ഒരു നിമിഷം ഒന്നും മനസിലായില്ല, അപ്പോഴേക്കും പാപ്പയുടെ സെക്യൂരിറ്റി ചുമതലകളുടെ തലവൻ "ഡൊമെനിക്കോ ജിയാനി" എന്റെ കൈയിൽനിന്നും കൊച്ചു കാതറീനെ പാപ്പായുടെ കൈയിലേക്ക് എത്തിച്ചിരുന്നു.
ഒരു നിമിഷം ഞാൻ സ്വപ്നം കാണുകയാണോ എന്ന് തോന്നിപ്പിക്കുമാറ് പരിശുദ്ധ പിതാവിന്റെ കൈകളിൽ ഇരിക്കുന്ന എന്റെ മകളെയാണ് ഞാൻ കണ്ടത്. പിതാവ് അവളുടെ തലയിൽ ചുംബിച്ചുകൈവച്ചു അനുഗ്രഹിച്ചു തിരിച്ചു എന്റെ കൈകളിലേക്ക്. സ്വർഗം പുൽകിയ സന്തോഷം, എന്റെ ജീവിത പങ്കാളി എന്റെ അടുത്തുനിന്നു സന്തോഷം കൊണ്ട് കരയുന്നു. അടുത്തുനിന്നവരെല്ലാം എന്റെ മകളെ ആശ്ലേഷിക്കുന്നു. ആ അപൂർവ നിമിഷം ഇന്നലെ കഴിഞ്ഞതുപോലെ ഇന്നും ഞങ്ങളുടെ ഓർമകളിൽ മങ്ങാതെ ക്ലാവുപിടിക്കാതെ പച്ചപിടിച്ചു നിൽക്കുന്നു.
ഫാ. അരുൺ കലമറ്റത്തിൽ പറഞ്ഞു - "നോ ഡൌട്ട്, ഇറ്റ് ഈസ് ഓഫ്‌കോഴ്സ് ഹെവൻലി ബ്ലസിങ്". ഇതറിഞ്ഞ എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു - " ഇറ്റ് ഈസ് എ മിറക്കിൾ". അബുദാബി അമേരിക്കൻ എംബസ്സിയിൽ ഓഫീസറായ എന്റെ സഹോദരൻ ബിനു കുന്നേൽ പറഞ്ഞത് "ഇറ്റ് ഈസ് ഗോഡ്സ് ഗിഫ്റ് ഫോർ യുവർ പ്രയർ" എന്നാണ്. എന്തിനധികം ഇതറിഞ്ഞ എന്റെയും ജീവിത പങ്കാളിയുടെയും മാതാപിതാക്കൾ സന്തോഷംകൊണ്ട് കരഞ്ഞു.
ശരിയാണ് ലോകത്തിന്റെ പല ഭാഗത്തുള്ള ഏതാണ്ട് ഒരു ലക്ഷത്തിലധികം വിശ്വാസികളുടെ ഇടയിൽനിന്നും എന്ത് മേന്മയാണ് ഞങ്ങൾക്കുണ്ടായിരുന്നത് - അത് ഞങ്ങളുടെ പ്രാർത്ഥന മാത്രമായിരുന്നിരിക്കണം, തീർച്ച. നിങ്ങൾ ആരാണെന്നോ, നിങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്നോ, നിങ്ങളുടെ വിശ്വാസങ്ങൾ എന്താണ് എന്നോ നോക്കാതെ എല്ലാവരോടും ആദരവ് കാട്ടുന്ന ഫ്രാൻസിസ് പാപ്പാ എന്ന് കേട്ടറിവ് മാത്രമേയുണ്ടായിരുന്നുള്ളൂ - പക്ഷേ ആ പരമമായ സത്യം അന്ന് ഞങ്ങൾ കണ്ടും കൊണ്ടും അറിഞ്ഞു.
റോമിൽനിന്നും തിരികെപ്പോരുന്നതിനു മുൻപായി ലോക കാതോലിക്ക സഭയിൽ മേജർ അല്ലെങ്കിൽ പേപൽ ബസിലിക്ക എന്നറിയപ്പെടുന്ന ഗ്രേറ്റ് പേപൽ ചർച്ചസ് ഓഫ് റോം ആയ സൈന്റ്റ് പീറ്റേഴ്സ് വത്തിക്കാൻ ബസിലിക്കയും, ലാറ്ററൻ ബസിലിക്കയും, സൈന്റ്റ് പോൾസ് ബസിലിക്കയും, സൈന്റ്റ് മേരി ബസിലിക്കയും സന്ദർശിക്കുവാനുള്ള അപൂർവ ഭാഗ്യവും ഞങ്ങൾക്ക് കൈവന്നു. ഞങ്ങൾ ദുബായിൽ താമസിക്കുന്നവരായതുകൊണ്ട്, യുണൈറ്റഡ് അറബ് എമിറേറ്റിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപ്രധാനമായ സന്ദർശനം, അറേബ്യൻ ഉപദ്വീപിലെ ആദ്യ ഈ സന്ദർശനം പ്രഖ്യാപിച്ചതിന് ശേഷം പ്രത്യേകിച്ച് ഞങ്ങൾ തീർത്തും ആവേശ ഭരിതരാണ്.
ഒരു മില്യണിലധികം കത്തോലിക്കർ യു.എ.ഇയിൽ ജീവിക്കുന്നുണ്ട്. യു.എ.ഇ സ്ഥാപക പ്രസിഡൻറ് ശൈഖ് സായിദ് മുൻപോട്ടു വച്ച മൂല്യങ്ങളിൽ അധിഷ്ഠിതമായി മറ്റെല്ലാ മതക്കാരുമൊത്ത് ഞങ്ങളുടെ വിശ്വാസം പിന്തുടരുന്നതിന് ഞങ്ങൾക്കെല്ലാ സ്വാതന്ത്ര്യവും ഈ രാജ്യത്തെ ഭരണാധികാരികൾ ഇന്നേവരെ നല്കിപ്പോരുന്നു.
മാർപ്പാപ്പയുടെ നേതൃത്വത്തിലുള്ള "സോളം ഹൈ മാസ്സ്" അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഫെബ്രുവരി 05 നു, 10:30 am നു നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുതരുകയും, അതിനോടൊപ്പം അതിൽ പങ്കെടുക്കുവാനുള്ള എല്ലാ വിശ്വാസികൾക്കും യാത്രാസൗകര്യവും അവധി സൗകര്യവും ഏർപ്പെടുത്തിത്തന്ന അബുദാബി "രാജകുമാരനും", "യു എ ഇ ആംഡ് ഫോഴ്സസ്സ് ഡെപ്യൂട്ടി സുപ്രീം കമ്മാൻഡറും” കൂടിയായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഓരോ വിശ്വാസിയും ഹൃദയപൂർവം സ്മരിക്കുകയും നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുകയും ചെയ്യുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനം ഊട്ടിയുറപ്പിക്കുവാൻ മാർപാപ്പയുടെ അറേബ്യൻ മണ്ണിലേക്കുള്ള ഈ വരവ് സഹായകരമാകുമെന്ന് യു എ ഇ പ്രൈം മിനിസ്റ്ററും, ദുബൈ ഭരണാധികാരിയും കൂടിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഓർമിപ്പിച്ചു. യു എ ഇ യിൽ അധിവസിക്കുന്ന ഓരോ മനുഷ്യനും ഈ രാജ്യത്തെ ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ഓരോ കാതോലിക്കാ വിശ്വാസിയും ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം അവർ നൽകുന്ന കരുതലിന്റെ ജ്വലിക്കുന്ന പര്യായമാണ്.
മതിവരുവോളം സ്നേഹവും,സ്വാതന്ത്ര്യവും നല്കിപ്പോരുന്ന ഈ നാടിന്റെ ഓരോ ഭരണാധികാരികൾക്കും അഭിമാനത്തോടെ, സ്നേഹത്തോടെ അതിലേറെ നന്ദിയോടെ ഓരോ കാതോലിക്കാ വിശ്വാസിയുടെയും പേരിൽ, പ്രത്യേകിച്ച് യു എ ഇ സിറോ മലബാർ കമ്മ്യൂണിറ്റിയുടെ പേരിൽ നന്ദിയുടെ ഒരായിരം പൂമലരുകൾ.
(ലേഖകനായ ബിജു കുന്നേല്‍ കഴിഞ്ഞ 13 വര്‍ഷമായി ദുബായിലെ G4S എന്ന മൾട്ടി നാഷനൽ കമ്പനിയിൽ സീനിയർ മാനേജറായി ജോലി ചെയ്യുകയാണ്.
ഭാര്യ: റോസി മാത്യു; മക്കള്‍: ക്രിസ്, കാതറിൻ)
