News

സമാധാനത്തിന്റെ സന്ദേശവുമായി പാപ്പ ഇന്ന് യു‌എ‌ഇയിലെത്തും

സ്വന്തം ലേഖകന്‍ 03-02-2019 - Sunday

അബുദാബി: നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കും ഒടുവില്‍ ആ ദിനമെത്തി. ചരിത്രത്തില്‍ ആദ്യമായി അറേബ്യന്‍ നാട് സന്ദര്‍ശിക്കുന്ന പാപ്പ എന്ന പേരോട് കൂടി സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ ഇന്ന് അറേബ്യന്‍ മണ്ണില്‍ കാല്‍ കുത്തും. പാപ്പയെ വരവേല്‍ക്കാന്‍ വഴികളില്‍ സ്വാഗതമോതി യുഎഇ ദേശീയ പതാകയും പേപ്പൽ പതാകയും നിറഞ്ഞുകഴിഞ്ഞു. ഇന്നു രാത്രി 10ന് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തുന്ന മാർപാപ്പയ്ക്കു വന്‍ വരവേൽപ് നൽകാനാണ് യു‌എ‌ഇ ഭരണകൂടത്തിന്റെയും അറേബ്യന്‍ വികാരിയാത്തിന്റെയും തീരുമാനം. നാളെ ഉ​ച്ച​യ്ക്ക് 12 മണിക്ക് പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണം നല്‍കും.

തുടര്‍ന്നു കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ന​ഹ്യാ​നു​മാ​യി പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ ച​ർ​ച്ച. വൈ​കു​ന്നേ​രം 5 മണിക്ക് അ​ബു​ദാ​ബി ഗ്രാ​ൻ​ഡ് മോ​സ്കി​ൽ മു​‌‌സ്‌ലിം കൗ​ണ്‍സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സ് അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച നടത്തും. വൈ​കു​ന്നേ​രം 6 മണിക്ക് ഫൗ​ണ്ടേഴ്സ് ​മെ​മ്മോ​റി​യ​ലി​ൽ മ​താ​ന്ത​ര സ​മ്മേ​ള​ന​ത്തി​ൽ ഫ്രാ​ൻ​സി​സ് പാ​പ്പ സന്ദേശം നല്‍കും. ചൊവ്വാഴ്ച രാവിലെ രാ​വി​ലെ അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ സ​ന്ദ​ർ​ശ​നം നടത്തുന്ന പാപ്പ രോഗികളും അബലരുമായ നൂറോളം പേരുമായി സംസാരിക്കും.

10.30നാണ് അറേബ്യന്‍ ക്രൈസ്തവ സമൂഹം ഏറെ കാത്തിരിന്ന പാപ്പയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം സ​ഈ​ദ് സ്പോ​ർ​ട്സ് സിറ്റിയിൽ അര്‍പ്പിക്കുക.പരിശുദ്ധ കുര്‍ബാന മദ്ധ്യേ പാപ്പ സന്ദേശം നല്‍കും. മലയാളം അടക്കം അഞ്ചു ഭാഷകളില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ പ്രാര്‍ത്ഥന ഉയരും. ഒരുലക്ഷത്തി മുപ്പത്തിഅയ്യായിരം പേരാണ് ബലിയില്‍ പങ്കെടുക്കുക.

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവ എന്നിവരും പാപ്പയുടെ ബലിയര്‍പ്പണത്തില്‍ പങ്കാളികളാകും. അന്നേ ദിവസം ഉ​ച്ച​യ്ക്ക് റോ​മി​ലേ​ക്കു മടങ്ങുന്ന പാപ്പ വൈ​കു​ന്നേ​രം അഞ്ചോട് കൂടി റോ​മി​ലെ ചം​പീ​നോ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തും.


Related Articles »