News

ചരിത്രം കുറിച്ച് ഇന്ന് ബലിയർപ്പണം: സയിദ് സ്റ്റേഡിയം നിറയുന്നു

സ്വന്തം ലേഖകന്‍ 05-02-2019 - Tuesday

അബുദാബി: ചരിത്രത്തിൽ ആദ്യമായി ഗൾഫ് മണ്ണിൽ പാപ്പ അർപ്പിക്കുന്ന ബലിയർപ്പണത്തിനു മിനിറ്റുകൾ ശേഷിക്കെ സയിദ് സ്റ്റേഡിയത്തിന്റെ നല്ലൊരു ഭാഗവും വിശ്വാസികളെ കൊണ്ട് നിറഞ്ഞു. മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും പൊതു പരിപാടിക്കുമായി വിവിധ എമിറേറ്റുകളിൽനിന്നും ലോകത്തിന്റെ പല കോണുകളിൽനിന്നുമുള്ള 1.35 ലക്ഷം ആളുകളാണ് എത്തുന്നത്. പത്തരയ്ക്ക് നടക്കുന്ന പരിപാടികൾക്കായി പുലർച്ചെ അഞ്ച് മണിയോടെ ഗേറ്റുകൾ തുറന്നു. വിശ്വാസികളിൽ 1.20 ലക്ഷം ആളുകൾ സ്റ്റേഡിയത്തിനകത്തും പതിനയ്യായിരത്തോളം ആളുകൾ സ്റ്റേഡിയത്തിന് പുറത്തുനിന്നും വിശുദ്ധ കുർബാന സ്വീകരിക്കും. നിലവിൽ സ്റ്റേഡിയത്തിലെ നല്ല ഒരു ഭാഗവും നിറഞ്ഞിരിക്കുകയാണ് .

സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ 43,000 ഇരിപ്പിടങ്ങളാണുള്ളത്. ബാക്കിയുള്ള 77,000 ആളുകൾക്ക് ഗ്രൗണ്ടടക്കമുള്ള സ്ഥലങ്ങളിൽ പ്രത്യേകസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ ആറ് കത്തോലിക്ക ഇടവകകളിൽനിന്നുള്ള നൂറുകണക്കിന് വൈദികർ മാർപാപ്പയ്ക്കൊപ്പം പരിശുദ്ധ കുർബാനയിൽ സഹ കാർമ്മികരാകും. മാർപാപ്പ ഇറ്റാലിയൻ ഭാഷയിൽ നടത്തുന്ന പ്രാർത്ഥനയുടെയും പ്രഭാഷണത്തിന്റെയും ഇംഗ്ലീഷ് വിവർത്തനം തത്സമയം വിശ്വാസികൾക്ക് ലഭ്യമാക്കും.

സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ച പടുകൂറ്റൻ സ്ക്രീനുകളിലും പരിപാടിയുടെ തത്സമയ സംപ്രേക്ഷണമുണ്ട്. മാർപാപ്പയ്ക്ക് സ്വാഗതമേകിക്കൊണ്ടുള്ള പതാകകളും ബോർഡുകളും കൊണ്ട് അബുദാബി സയിദ് സ്റ്റേഡിയം റോഡ് നിറഞ്ഞിരിക്കുകയാണ്. പാപ്പയുടെ വിശുദ്ധ കുർബാന അർപ്പണം പ്രമാണിച്ചു വലിയ ഗതാഗത നിയന്ത്രണമാണ് അബുദാബിയിൽ ഉടനീളം ഏർപ്പെടുത്തിയിരിക്കുന്നത്.


Related Articles »