News
യാത്രയയപ്പും രാജകീയം: ചരിത്ര നിയോഗം പൂര്‍ത്തിയാക്കി പാപ്പ മടങ്ങി
സ്വന്തം ലേഖകന്‍ 05-02-2019 - Tuesday
അബുദാബി: ചരിത്രത്താളുകളില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പ യുഎഇയില്‍ നിന്നു റോമിലേക്ക് മടങ്ങി. ത്രിദിന സന്ദര്‍ശനത്തിനായി അറേബ്യന്‍ മേഖലയില്‍ എത്തിയ പാപ്പയ്ക്ക് നല്‍കിയ ആവേശകരമായ സ്വീകരണത്തിന് സമാനമായി രാജകീയമായ യാത്രയയപ്പാണ് യുഎഇ ഭരണകൂടം നല്‍കിയത്. ഇന്ത്യന്‍ സമയം 2.30നോട് കൂടിയാണ് യുഎഇ ഭരണകൂടത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയായ എത്തിഹാദ് എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ പാപ്പ റോമിലേക്ക് മടങ്ങിയത്.
അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ അടക്കമുള്ള യുഎഇയിലെ ഭരണകൂട നേതൃത്വത്തിലെ ഭൂരിഭാഗം ആളുകളും പാപ്പയ്ക്ക് യാത്രയയപ്പ് നല്‍കാന്‍ വിമാനത്താവളത്തില്‍ എത്തിയിരിന്നു. പാപ്പയോടുള്ള ആദരസൂചകമായി എയര്‍പോര്‍ട്ട് മുതല്‍ ഫ്ലൈറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം വരെയുള്ള ഭാഗം ചുവന്ന പരവതാനിയില്‍ അലംകൃതമായിരിന്നു.
15 മിനിറ്റ് നേരം നീണ്ട ഹസ്തദാനത്തിനും സന്തോഷ പ്രകടനത്തിനും ശേഷമാണ് പാപ്പ ഫ്ലൈറ്റില്‍ പ്രവേശിച്ചത്. റോം സമയം വൈകീട്ട് 5നു ( ഇന്ത്യന്‍ സമയം രാത്രി 9.30) പാപ്പ റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.
Posted by Pravachaka Sabdam on
